Kerala Assembly Election

മഹാഭാരതത്തിന്റെ മറവില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ആര്‍എസ്എസ്

മഹാഭാരതത്തിന്റെ മറവില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ആര്‍എസ്എസ്
X
rss-4_647_102415080947

കോഴിക്കോട്: മഹാഭാരതത്തിന്റെ മറവില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ആര്‍എസ്എസ് ശ്രമം. മഹാഭാരതം ധര്‍മരക്ഷാ സംഗമം എന്ന പേരില്‍ ഏപ്രില്‍ ആറിനാണ് നഗരത്തില്‍ ഹൈന്ദവ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദുവോട്ടുകള്‍ പരമാവധി ബിജെപിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് പരിപാടിക്കുള്ളതെന്നാണ് സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ തെളിയിക്കുന്നത്. സംഘാടകര്‍ ആരെന്നു കൃത്യമായി പറയാതെ വിവിധ ഹൈന്ദവ ആചാര്യന്മാരെയും മഠങ്ങളെയും മുന്നില്‍ നിര്‍ത്തി പിന്‍സീറ്റ് ഡ്രൈവിങാണ് ആര്‍എസ്എസ് നടത്തുന്നത്. ഹിന്ദുത്വ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കാത്തവരെക്കൂടി സംഘാടക സമിതിയില്‍ ചേര്‍ത്ത് അവരെക്കൂടി ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. പരിപാടിയിലെ സംഘാടക ലിസ്റ്റിലുള്ള സ്വാമിമാരില്‍ ചിലരെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താത്തവരാണ്. പി ടി ഉഷ മുതല്‍ പി വി ചന്ദ്രന്‍ വരെയുള്ളവരും സംഘാടക സമിതിയിലുണ്ട്. എന്നാല്‍, പ്രഭാഷകര്‍ ഏറക്കുറെ ബിജെപി അനുകൂലികളോ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളോ ആണ്. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും സംഘപരിവാര സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമായ സ്വാമി ചിദാനന്ദപുരിയാണ് പരിപാടിയുടെ മുഖ്യ സംഘാടകന്‍. മോഹന്‍ ഭാഗവത് അദൈ്വതാശ്രമത്തില്‍ രഹസ്യസന്ദര്‍ശനം നടത്തിയത് നേരത്തെ വിവാദമായിരുന്നു. അന്നത്തെ ധാരണയുടെ ഫലമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന സംശയവും ഉയര്‍ന്നുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് പരിപാടി തീരുമാനിച്ചിരുന്നുവെന്നാണ് സ്വാമി ചിദാനന്ദപുരി പറയുന്നതെങ്കിലും ശ്രീ ശ്രീ രവിശങ്കറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയാത്തതിനു കാരണം സംഗമം പെട്ടെന്നു തീരുമാനിച്ചതിനാലാണെന്ന് അദ്ദേഹം തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പു കാലത്ത് പരിപാടി നടത്താന്‍ കഴിഞ്ഞതു നന്നായെന്നും രാഷ്ട്രത്തിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ധര്‍മബോധമുള്ളവര്‍ ജയിച്ചുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മതാന്ധതയില്‍ നിന്ന് ധര്‍മബോധത്തിലേക്ക് എന്ന സന്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും ഹിന്ദു സമൂഹം മതപരിവര്‍ത്തനത്തിനിരയായി ന്യൂനപക്ഷമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കിയ ലഘുലേഖ പരിതപിക്കുന്നു. കൂടാതെ ഹിന്ദുക്കളെ അസഹിഷ്ണുക്കളെന്നു മുദ്രകുത്തുകയാണെന്ന ആരോപണവും ലഘുലേഖ മുന്നോട്ടുവയ്ക്കുന്നു. ബിജെപിക്കെതിരായ ആരോപണങ്ങള്‍ മൊത്തം ഹിന്ദുക്കള്‍ക്കെതിരാണെന്ന രീതിയിലാക്കി മാറ്റാനുള്ള നീക്കമാണ് സംഘാടകര്‍ നടത്തുന്നത്. ആറിനു വൈകീട്ട് അഞ്ചു മണിക്ക് വിവാദ യോഗ ഗുരു ബാബാ രാംദേവ് ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. സുബ്രഹ്മണ്യന്‍ സ്വാമി, പ്രവീണ്‍ തൊഗാഡിയ തുടങ്ങി ഹിന്ദുത്വ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍ കുട്ടി തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. അമൃതാനന്ദമയി മഠം, ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍, ഹിന്ദു ഐക്യവേദി, എസ്എന്‍ഡിപി യോഗം ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തിലേറെ പേര്‍ സംബന്ധിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.  [related]
Next Story

RELATED STORIES

Share it