ernakulam local

മസ്‌കുലോ സ്‌കെലിറ്റല്‍ കാന്‍സര്‍ ദേശീയ സമ്മേളനം കൊച്ചിയില്‍

കൊച്ചി: അസ്ഥികളെയും അതിന്റെ പേശികളെയും ബാധിക്കുന്ന കാന്‍സറുകളെ നേരിടുന്ന വൈദ്യശാസ്ത്രശാഖയുടെ രണ്ടാമത് ദേശീയ സമ്മേളനം മാര്‍ച്ച് 11 മുതല്‍ 13 വരെ കൊച്ചിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കും.
ഇന്റര്‍നാഷനല്‍ ലിംപ് സാല്‍വേജ് സൊസൈറ്റിയുടെ പ്രസിഡന്റും, ഓര്‍ത്തോപീഡിക് സര്‍ജനുമായ പ്രഫ. റീന്‍ഹാര്‍ഡ് വിന്‍ഡ്‌ഹേഗര്‍ 11ന് വൈകീട്ട് 5.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ മസ്‌കുലോ സ്‌കെലിറ്റല്‍ ഓണ്‍കോളജി സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമായി ഓര്‍ത്തോപീഡിക് ഓണ്‍കോസര്‍ജറി വിദഗ്ധരും, പ്രഫസര്‍മാരും, ശാസ്ത്രകാരന്മാരും പങ്കെടുക്കും.
ഇന്ത്യയില്‍ കുട്ടികളിലും, മുതിര്‍ന്നവരിലുമുള്ള രോഗഭാരവും വ്യാപനവും അതിനെ ഏറ്റവും കുറഞ്ഞ ചെലവില്‍ നേരിടാനായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര മേഖലകളുടെ സംയുക്ത പ്രവര്‍ത്തനവും, അതിനൂതന ചികില്‍സാരീതികളും ആവിഷ്‌കരിക്കാനാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ആസ്റ്റര്‍ മെഡ്‌സിറ്റി ഓര്‍ത്തോപീഡിക് ഓണ്‍കോസര്‍ജനുമായ ഡോ. സുബിന്‍ സുഗത് പറഞ്ഞു.
ഓര്‍ത്തോപീഡിക് ഓണ്‍കോളജി, മെഡിക്കല്‍ ഓണ്‍കോളജി, റേഡിയേഷന്‍ ഓണ്‍കോളജി, സര്‍ജിക്കല്‍ ഓണ്‍കോളജി, പാത്തോളജി, റേഡിയോളജി, നൂക്ലിയര്‍ മെഡിസിന്‍ എന്നീ മേഖലകളിലെ വിദഗ്ധരും, ഫാക്കല്‍റ്റികളുമാണ് ഇതിനായി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംയോജിത വിദഗ്ധ ചികില്‍സയുടെ പ്രാധാന്യം സംബന്ധിച്ച ബോധവല്‍ക്കരണവും നടക്കും. തുടര്‍വൈദ്യശാസ്ത്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര സെഷനുകളും, വര്‍ക്ക്‌ഷോപ്പുകളും നടക്കും.
പുതിയ മരുന്നുകള്‍, തന്മാത്രകള്‍, വ്യത്യസ്ത ഇംപ്ലാന്റുകള്‍, ചെലവുകുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയും സമ്മേളനം ചര്‍ച്ചചെയ്യും.
റേഡിയോളജി, പാത്തോളജി വിഭാഗങ്ങള്‍ക്കായി പ്രത്യേകം സെഷനുകളും, രണ്ടുദിവസം നീളുന്ന ഓണ്‍കോളജി നഴ്‌സിങ്ങ് ട്രെയിനിങ്ങ് പ്രോഗ്രാമും സമ്മേളനത്തില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഡോ. സുബിന്‍ സുഗത് പറഞ്ഞു.
Next Story

RELATED STORIES

Share it