Kollam Local

മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം എയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍ എത്തിച്ചു

കൊല്ലം: ജില്ലയില്‍ ആദ്യമായി കഡാവര്‍ ഓര്‍ഗന്‍ റിട്രീവലിലൂടെ സുപ്രധാന അവയവങ്ങളെല്ലാം നീക്കം ചെയ്തും മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം ചെന്നൈയിലുള്ള രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതിനായി എയര്‍ലിഫ്റ്റിങ്ങിന് വഴിയൊരുക്കിയും ട്രാവന്‍കൂര്‍ മെഡിസിറ്റി അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി.
മെഡിസിറ്റിയില്‍ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച ചന്ദനത്തോപ്പ് കുന്നുംപുറത്ത് വീട്ടില്‍ ഗിരീഷ് കുമാറിന്റെ(38) ഹൃദയമാണ് ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബ്രിജേഷ് കുമാര്‍ ജെയിന്‍ എന്ന നാല്‍പത്തിയൊമ്പത്തുകാരന് ജീവിതം തിരികെ നല്‍കുക. ഇന്നലെ ഉച്ചയോടെ മെഡിസിറ്റി ഹെലിപാഡില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഹൃദയം അവിടെ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ ചെന്നൈയിലേക്കു എത്തിക്കുകയായിരുന്നു.
മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശരീരത്തില്‍ നിന്ന് ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലം എന്നീ സുപ്രധാന അവയവങ്ങളെല്ലാം ഒരുമിച്ചു നീക്കം ചെയ്തുകൊണ്ടുള്ള കഡാവര്‍ ഓര്‍ഗന്‍ റിട്രീവല്‍ ജില്ലയില്‍ ഇതാദ്യമാണ്. മരണം സംഭവിച്ചയാളുടെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചാലും അവയവം സ്വീകരിക്കാന്‍ അനുയോജ്യരായ രോഗികളെ യഥാസമയം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടും അവയവദാതാവിന്റെ ആരോഗ്യകാരണങ്ങളാലും പലപ്പോഴും അതു സാധ്യമാവാറില്ലെന്ന് മെഡിസിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ സലാം പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഗിരീഷ് കുമാറിന്റെ ഹൃദയം ബ്രിജേഷ് കുമാര്‍ ജെയിനിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുമ്പോള്‍, കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും നേത്രപടലം ജില്ലാ ആശുപത്രിക്കും നല്‍കുമെന്ന് മെഡിസിറ്റി സെക്രട്ടറി അബ്ദുള്‍ സലാം അറിയിച്ചു. ഗിരീഷിന്റെ വൃക്ക മെഡിസിറ്റിയില്‍ തന്നെ ചികില്‍സയിലുള്ള രോഗിക്ക് പുതുജീവിതം നല്‍കും.
ഗിരീഷ് കുമാറിന് കഴിഞ്ഞ 24നാണ് പെരുമ്പുഴയ്ക്കു സമീപം ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. തലയില്‍ നിന്ന് രക്തം വാര്‍ന്ന് അരമണിക്കൂറോളം വഴിയില്‍ കിടന്ന ഗിരീഷ്‌കുമാറിനെ അതീവ ഗുരുതരവസ്ഥയിലാണ് മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയുായിരുന്നു.
കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഗിരീഷിന്റെ ഹൃദയം സ്വീകരിക്കാന്‍ അനുയോജ്യനായ രോഗിയെ ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയത്. ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. മോഹന്‍, ഡോ. മുരളീകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ വിദഗ്ദ്ധ സംഘം മെഡിസിറ്റിയില്‍ എത്തി ഇന്നലെ ഉച്ചയോടെ ഹൃദയം ഏറ്റുവാങ്ങി. ജില്ലാ പോലിസ് മേധാവി, അസി. കമ്മിഷണര്‍, ജില്ലാ കലക്ടര്‍ എന്നിവരുടെ ഓഫിസ് അടിയന്തരമായി ഇടപെട്ടാണ് മെഡിസിറ്റിയില്‍ ഹെലികോപ്ടര്‍ ഇറക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്. മെഡിസിറ്റിയില്‍ ട്രാന്‍സ്പ്ലാന്റേഷന്‍ മേധാവി ഡോ. റഫീഖ് യൂസഫ്, ഡോ. ബേബി മാത്യു, ഡോ. ശ്രീദാസ് ഗോപാലകൃഷ്ണന്‍, ഡോ. തെജു പി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം മണിക്കൂറുകള്‍ ദീര്‍ഘിച്ച ശസ്ത്രക്രിയയിലൂടെയാണ് ഗിരീഷ് കുമാറിന്റെ ശരീരത്തില്‍ നിന്ന് ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ നീക്കംചെയ്തത്.
Next Story

RELATED STORIES

Share it