മസ്ജിദ് നിര്‍മാണത്തിന്റെ പേരില്‍ പണപ്പിരിവ്; അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

കോട്ടയം: ചങ്ങനാശ്ശേരി കോട്ടമുറിയില്‍ മസ്ജിദും മദ്്‌റസയും നിര്‍മിക്കാനെന്ന പേരില്‍ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചങ്ങനാശ്ശേരി ബാറിലെ അഭിഭാഷകനും മാടപ്പള്ളി വെങ്കോട്ടയില്‍ താമസക്കാരനുമായ അഡ്വ. സക്കീര്‍ ഹുസയ്‌നെതിരേയാണ് കോട്ടമുറി നിവാസികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇയാളുടെയും ഭാര്യയുടെയും പേരില്‍ മുസ്്‌ലിം എജ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഉണ്ടെന്നും ഇതിന്റെ പേരില്‍ സ്ഥലം വാങ്ങിയാല്‍ പള്ളി നിര്‍മിക്കാന്‍ സഹായം ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.  കോട്ടമുറി ജമാഅത്ത് എന്ന പേരില്‍ കമ്മിറ്റിയും രൂപീകരിച്ചാണ് സക്കീര്‍ 45 ലക്ഷത്തോഴം രൂപ തട്ടിയെടുത്തതെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിട്ടുണ്ട്.ഇതിനുപുറമെ ബഷീര്‍ എന്നയാളുടെ വീട്ടില്‍ മതപഠനക്ലാസ് ആരംഭിക്കുകയും ഇതിന്റെ പേരിലും, ട്രസ്റ്റിന്റെ പേരില്‍ ആയുര്‍വേദ ആശുപത്രി, മുസ്‌ലിം ചാനല്‍ എന്നിവ തുടങ്ങുമെന്ന് കാണിച്ചും വിദേശരാജ്യങ്ങളിലുള്‍പ്പെടെ പിരിവ് നടത്തിയതായും ഇവര്‍ ആരോപിക്കുന്നു. ചാനലിന്റെ ബ്രോഷറിന്റെ പകര്‍പ്പും എസ്പിക്ക് കൈമാറിയിട്ടുണ്ട്. പ്രദേശവാസികള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തികസഹായം ഉപയോഗപ്പെടുത്തിയതു മുഴുവനും അഭിഭാഷകന്‍ തട്ടിയെടുത്തതുമൂലം നാട്ടില്‍ ഇറങ്ങിനടക്കാന്‍ പറ്റാത്തരീതിയില്‍ അവഹേളിക്കപ്പെടുകയാണ്. കൂടാതെ അഭിഭാഷകന്റെ ഭീഷണിയുള്ളതായും ഇവര്‍ വ്യക്തമാക്കുന്നു. വിശ്വാസികളെ ചൂഷണം ചെയ്ത് തട്ടിപ്പു നടത്തിയ അഭിഭാഷകനെതിരേ നിയമനടപടിക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍. പ്രദേശവാസികളായ 32 പേരാണ് കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയില്‍ ഒപ്പുവച്ചിട്ടുള്ളത്. കോട്ടമുറി മുസ്്‌ലിം ജമാഅത്തിനു വേണ്ടി ആരെങ്കിലും പിരിവു നല്‍കിയിട്ടുണ്ടെങ്കില്‍ കമ്മിറ്റി പ്രസിഡന്റ് പി എ ബഷീറുമായി 9746949560 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി എ ബഷീര്‍, സെക്രട്ടറി എം എസ് ഷെരീഫ്, ഖജാഞ്ചി കെ അശ്്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it