malappuram local

മഴയുടെ വന്യതയിലേക്ക് മിഴിതുറന്ന് ഇടവപ്പാതി ചിത്രപ്രദര്‍ശനം

എടപ്പാള്‍: മഴയുടെ വിവിധ ഭാവങ്ങള്‍ പ്രമേയമാക്കി പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ കണ്ണന്‍സൂരജിന്റെയും ഉത്തമന്‍ കാടഞ്ചേരിയുടേയും ഇടവപ്പാതി ഫോട്ടോ പ്രദര്‍ശനം വേറിട്ട മഴക്കാഴ്ചയായി.
മഴയില്‍ നനയുന്ന 52 ചിത്രങ്ങളാണ് എടപ്പാള്‍ ഗോള്‍ഡന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചത്. ക്യാമറക്കണ്ണിലൂടെ പുനര്‍ജ്ജനി നേടിയ ഇടവപ്പാതിയുടെ വിവിധ ഭാവങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
മലമുകളില്‍ നിന്നും നോക്കുമ്പോള്‍ മഴവില്ലിന്റെ ചാരുത വിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ സന്ദര്‍ശകര്‍ക്ക് മറക്കാത്ത അനുഭവമാകുന്നു. ചമ്രവട്ടം പാലം വരുന്നതിനു മുന്‍പ് തിമിര്‍ത്തു പെയ്യുന്ന ഇടവപ്പാതിയില്‍ ബസ്സുകാത്തുനില്‍ക്കുന്ന യാത്രക്കാരെ അനാവരണം ചെയ്യുന്ന ചിത്രം മഴയുടെ വന്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. വിരഹവും സൗഹൃദവും ദുരിതവുമെല്ലാം മഴയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ ഫ്രെയിമുകളിലേക്ക് പകര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് വേറിട്ട കാഴ്ചയായി.
സംഹാരമൂര്‍ത്തിയായി ദുരിതം വിതച്ചുകൊണ്ട് ഇടവപ്പാതി മനുഷ്യരിലേക്ക് പെയ്തിറങ്ങുന്ന ഫോട്ടോയും ശ്രദ്ധേയമാണ്. രാത്രിമഴയില്‍ കുറ്റിപ്പുറം പാലത്തിലൂടെ വാഹനങ്ങള്‍ കടന്നപോകുമ്പോഴുള്ള വര്‍ണ്ണവിസ്മയം, മഴയത്ത് ആനന്ദനൃത്തമാടുന്ന മയില്‍, മഴയത്ത് പ്രതീക്ഷയുടെ ബിംബമായി തൊപ്പിക്കുടയും പേറിയിരിക്കുന്ന കര്‍ഷകസ്ത്രീ തുടങ്ങി അപൂര്‍വ്വങ്ങളായ ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.
Next Story

RELATED STORIES

Share it