thiruvananthapuram local

മഴയില്‍ മലയോര മേഖലയില്‍ വ്യാപകനാശം

നെടുമങ്ങാട്/പാലോട്: മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയില്‍ നെടുമങ്ങാട് മേഖലയില്‍ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. തേക്കടയിലും ചുള്ളിമാനൂരിലും മരം കടപുഴകി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. പഴകുറ്റി - വെമ്പായം റോഡില്‍ തേക്കടയ്ക്ക് സമീപം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം തടസ്സപ്പെട്ടു. പനവൂര്‍ കല്ലിയോട് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. സമീപ പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി നാശം സംഭവിച്ചു. കിള്ളിയാറില്‍ ജലനിരപ്പുയര്‍ന്നത് സമീപവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മലയോര ഗ്രാമങ്ങള്‍ ശക്തമായ മഴയില്‍ വിറങ്ങലിച്ച അവസ്ഥയിലാണ്. പാലോട്, പെരിങ്ങമ്മല, നന്ദിയോട് മേഖലകളില്‍ വ്യാപകമായി കൃഷി നശിച്ചു. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. മരങ്ങള്‍ ഒടിഞ്ഞ് വീണ് ഉള്‍പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വാമനപുരം നദി, കൈതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇത് ഈ മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചില മേഖലകളില്‍ മണ്ണൊലിച്ച് പോയതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it