Kollam Local

മഴക്കെടുതി; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു: ജില്ലാ കലക്ടര്‍

കൊല്ലം: മഴ ശക്തിപ്രാപിക്കുന്നതിനാലും കാലവര്‍ഷം ഉടന്‍ തുടങ്ങുമെന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുവാനും പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാനും അടിയന്തര നടപടികള്‍ക്ക് തുടക്കംക്കുറിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു.

കടല്‍ക്ഷോഭം തടയാന്‍ കടല്‍ഭിത്തി നിര്‍മാണം, അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും മുറിച്ചുമാറ്റുക, ഓടകള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് കലക്ടര്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ കലക്ടര്‍ പുറപ്പെടുവിച്ചത്.
മുണ്ടയ്ക്കല്‍ വില്ലേജിലെ പള്ളിനേര്‍ വേളാങ്കണ്ണി കുരിശ്ശടി മുതല്‍ ഗാര്‍ഫില്‍ കാക്കത്തോപ്പ് വരെ ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന തീരദേശത്ത് അടിയന്തരമായി തീര സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശക്തമായ കാറ്റും കടല്‍ തിരമാലകളും കാരണം ഇവിടത്തെ തീരദേശ റോഡ് അപകടാവസ്ഥയിലാണെന്നും തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആവശ്യമായ ഭാഗങ്ങളില്‍ പുലിമുട്ട് നിര്‍മിക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന പുലിമുട്ട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും കലക്ടര്‍ ഉത്തരവിട്ടു.
പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റിവക സ്ഥലങ്ങള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ചുമാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ വക ഭൂമിയില്‍ നില്‍ക്കുന്ന ഇത്തരം വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ അതത് വകുപ്പിലെ ജില്ലാതല ഉദേ്യാഗസ്ഥര്‍ക്കാണ് ചുമതല. ശക്തമായ മഴയില്‍ വീടുകളിലും മറ്റും മഴവെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുന്നതും മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്നതും തടയാന്‍ ഓടകളും കനാലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കാനും കലക്ടര്‍ ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് കലക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it