ernakulam local

മഴക്കെടുതി: ജില്ലയില്‍ അഭയകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

കൊച്ചി: ജില്ലയില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങളുടെ പട്ടികയായി. ഇക്കൊല്ലം 30 ശതമാനം അധികമഴ ലഭിക്കുമെന്ന പഠനറിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല ദുരന്തനിവാരണ വിഭാഗം അധ്യക്ഷനായ കലക്ടര്‍ എം ജി രാജമാണിക്യം കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ അഭയകേന്ദ്രങ്ങള്‍ കണ്ടെത്തണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അഞ്ചുതാലൂക്കുകളിലായി 118 കേന്ദ്രങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കൂടുതലും സ്‌കൂളുകളും മതസ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളുമാണ് അഭയകേന്ദ്രങ്ങളായി ശിപാര്‍ശ ചെയ്തിട്ടുള്ളത്.
31,855 പേരെ ഈ കേന്ദ്രങ്ങളിലായി പാര്‍പ്പിക്കാന്‍ കഴിയുമെന്നാണ് തഹസില്‍ദാര്‍മാര്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലുവ, കോതമംഗലം, കുന്നത്തുനാട്, പറവൂര്‍, മൂവാറ്റുപുഴ താലൂക്കുകളിലായാണ് ഇപ്പോള്‍ ഇത്രയും കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
കണയന്നൂര്‍, കൊച്ചി താലൂക്കുകളുടെ അഭയകേന്ദ്രങ്ങളുടെ പട്ടികയാണ് ഇനി കിട്ടാനുള്ളത്. കുന്നത്തുനാട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങളുള്ളത്. 36 കേന്ദ്രങ്ങളിലായി ഇവിടെ 19,380 പേര്‍ക്ക് പാര്‍പ്പിടസൗകര്യം ഒരുക്കാനാവുമെന്നാണ് തഹസില്‍ദാരുടെ റിപോര്‍ട്ട്. മൂവാറ്റുപുഴ താലൂക്കില്‍ രണ്ടു കേന്ദ്രങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ 210 പേരെ പുനരധിവസിപ്പിക്കാനാകും. ആലുവ താലൂക്കില്‍ 20 കേന്ദ്രങ്ങളാണ് പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിലായി 1635 പേര്‍ക്ക് താമസിക്കാനാവും. കോതമംഗലത്തെ 47 കേന്ദ്രങ്ങളിലായി 5045 പേര്‍ക്കാണ് പുനരധിവാസ സൗകര്യം. പറവൂരില്‍ 33 കേന്ദ്രങ്ങളിലായി 5585 പേര്‍ക്ക് പുനരധിവാസമൊരുക്കാനാവും. എല്ലായിടത്തും ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാവിധ ശുചിത്വസംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ഇതിനിടെ ജില്ല അടിയന്തരഘട്ട പ്രതികരണ കേന്ദ്ര (ഡിഇഒസി)ത്തിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ തുടരുകയാണ്. കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്ന കലക്‌ട്രേറ്റിലെ കൊച്ചു മുറിയില്‍ നിന്ന് കൂടുതല്‍ വിശാലമായ ഓഫിസിലേക്കാണ് കേന്ദ്രം മാറുന്നത്. ഇതിന് അനുമതിലഭിച്ചാലുടന്‍ ഡിഡിഎംഎ ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ പുതിയ കേന്ദ്രം സജ്ജമാക്കാനാണ് തീരുമാനം. അടിയന്തര ഘട്ടങ്ങളുണ്ടായാല്‍ ഉടനടി വിവരം അടിയന്തരഘട്ട പ്രതികരണ കേന്ദ്രത്തില്‍ അിറയിക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി താലൂക്കിലെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ കലക്ടറുടെ ചുമതലയുള്ള എഡിഎം സി ലതിക കഴിഞ്ഞദിവസം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പളളുരുത്തി, ചെല്ലാനം, ഫോര്‍ട്ട്‌കൊച്ചി എന്നിവടങ്ങളിലായിരുന്നു സന്ദര്‍ശനം. ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് ബീന പി ആനന്ദ്, കൊച്ചി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡപ്യൂട്ടി തഹസീല്‍ദാര്‍, ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it