Idukki local

മഴക്കെടുതി: കൂടുതല്‍ ജാഗ്രത വേണം- മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

തൊടുപുഴ: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത തടസ്സമാകില്ലെന്നും മഴക്കെടുതികള്‍ നേരിടാന്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും, സന്നദ്ധ സംഘടനകളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കാലവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ തുടങ്ങിയവ പോലെ പ്രകൃതിയുടെ ശക്തമായ പ്രതികരണങ്ങള്‍ കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ജില്ലയാണ് ഇടുക്കിയെന്നും അതുകൊണ്ട് ഇവിടെ കൂടുതല്‍ ജാഗ്രത കാട്ടാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം.
ആരോഗ്യമേഖലയില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, മരുന്നുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മുതലായവ ഒരുക്കുമെന്നും വിവിധ വകുപ്പുകളുടെ സുഗമമായ ഏകോപനത്തിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികവും കാര്യക്ഷമവും ആയ രീതിയില്‍ നടപ്പാക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലായെന്നത് പരിമിതി ആകരുതെന്നും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാകരുതെന്നും എം.എം. മണി എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രകൃതിക്ഷോഭം നേരിടാനും പകര്‍ച്ചവ്യാധി തടയാനും ജില്ലയില്‍ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണെന്നും ജില്ലാകലക്ടര്‍ ഡോ.എ. കൗശിഗന്‍ പറഞ്ഞു.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ്, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം. കെ.എം. നാരായണന്‍ നായര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it