palakkad local

മഴക്കാല വൈദ്യുതാപകടങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണം

പാലക്കാട്: മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടിവീണ് ഉണ്ടാകുന്നത് ഉള്‍പ്പടെ വിവിധ വൈദ്യുതാപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള സുരക്ഷനടപടികള്‍ പൊതുജനം ശ്രദ്ധിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. വൈദ്യുതി അപകടങ്ങളെക്കുറിച്ചോ സേവനത്തിലെ പരാതികളെക്കുറിച്ചോ പൊതുജനങ്ങള്‍ക്ക് വൈദ്യുതി ഭവന്റെ ഉപഭോക്ത്യ സേവന കേന്ദ്രത്തിലെ 1912 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
അതത് സെക്ഷന്‍ ഓഫീസ് നമ്പറുകളുടെ സേവനത്തിന് പുറമേയാണ് ടോള്‍ ഫ്രീ നമ്പര്‍. വൈദ്യുതി അപകടങ്ങളുടെ പ്രധാന കാരണം ഉപയോഗിക്കുന്നവരുടെ അശ്രദ്ധയോ അറിവില്ലായ്മയോ ആണ്. വൈദ്യുതി കമ്പി പൊട്ടി വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത് പോയി മാറ്റിയിടാനോ സ്പര്‍ശിക്കാനോ ശ്രമിക്കാതെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസില്‍ അറിയിക്കേണ്ടതാണ്.
മഴക്കാലത്തുണ്ടാകുന്ന വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഫീല്‍ഡ് സ്റ്റാഫുകള്‍ അതത് സെക്ഷന്‍ ഓഫീസുകളിലുണ്ടാവും. വയറിങ്ങിലും വൈദ്യുത ഉപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോര്‍ച്ച മൂലമുള്ള അപകടം ഒഴിവാക്കുവാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ എല്‍ സി ബി) മെയിന്‍ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കേണ്ടതാണ്. വൈദ്യുതി കമ്പികള്‍ക്ക് സമീപം പട്ടം പറത്തരുത്. ഇരുമ്പ്‌തോട്ടി ഉപയോഗിച്ച് കായ്ഫലങ്ങള്‍ പറിക്കുന്നതിനിടയില്‍ വൈദ്യുതാഘാതം ഏല്‍ക്കുവാനുള്ള സാധ്യത കൂടുതലാണ്.
ലൈനുകളിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചിലകള്‍ വെട്ടിമാറ്റാന്‍ ജീവനക്കാരുമായി സഹകരിക്കേണ്ടതാണ്. വസ്ത്രങ്ങള്‍ ഉണക്കുവാന്‍ വൈദ്യുതി പോസ്റ്റുകളില്‍ അയകള്‍ കെട്ടരുത്. കേബിള്‍ ടിവിയുടെ അഡാപ്റ്ററിന്റെ ഉള്‍വശം സ്പര്‍ശിക്കാതിരിക്കുകയും അറ്റകുറ്റ പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്‍പ് വൈദ്യതി ബന്ധം വിച്ഛേദിക്കേണ്ടതുമാണ്. നനഞ്ഞ കൈകൊണ്ട് വൈദ്യുതോപകരണങ്ങളിലോ സ്വിച്ച് ബോര്‍ഡിലോ സ്പര്‍ശിക്കാതിരിക്കേണ്ടതാണ്. ഗുണമേന്മയുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കേണ്ടതും എര്‍ത്തിംങ് ശരിയായ രീതിയില്‍ ഉള്ളതാണോയെന്ന് പരിശോധിക്കുകയും വേണം. വൈദ്യുതി ഉപഭോഗവും വൈദ്യുതി പ്രതിസന്ധിയും അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ ക്ഷമതയോടെയുള്ള ഉപയോഗത്തിനും പൊതുജനം ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാലക്കാട്: 0491 2505770, ആലത്തൂര്‍: 04922222324, പട്ടാമ്പി: 04662214300, ഒറ്റപ്പാലം: 04662244322, ചിറ്റൂര്‍: 04923224740, മണ്ണാര്‍ക്കാട്: 04924222397.
Next Story

RELATED STORIES

Share it