palakkad local

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്ല; പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത

പാലക്കാട്: മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കാലവര്‍ഷം തുടങ്ങുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത. ഇപ്പോള്‍ തന്നെ പാലക്കാട് ജില്ല ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ്.
കൊതുകിന്റെ പ്രജനനം മഴക്കാലത്ത് കൂടുതല്‍ ശക്തമാകും. ഈഡീസ് കൊതുകുകളുടെ സാന്നിധ്യം ഡെങ്കിപ്പനി അടക്കമുള്ളവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഡിഎംഒ ഡോ. കെപി റീത്ത വ്യക്തമാക്കി. ഈ കൊതുകുകളെ തടഞ്ഞാല്‍ കൊതുകുജന്യ രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാവുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം പൂര്‍ണമായും ഇതിനെതിരാണ്. മഴക്കാല പൂര്‍വശുചീകരണ പ്രവൃത്തികള്‍ ഒന്നുംതന്നെ നടക്കാതിരുന്നതാണ് ഇതിനു കാരണം. ഇപ്പോഴത്തെ സാഹചര്യപ്രകാരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
മാസങ്ങള്‍ക്കുമുമ്പു തന്നെ ആരംഭിക്കേണ്ടതാണ് മേല്‍പറഞ്ഞ ശുചീകരണപ്രവൃത്തികള്‍. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളും കാനകളും നിറഞ്ഞ് കവിഞ്ഞു. മാലിന്യങ്ങള്‍മൂലം നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇനി നമ്മളെ കാത്തിരിക്കുന്നത്. മഴ ആരംഭിക്കുന്നതോടെ പടര്‍ന്നുപിടിക്കുന്ന സാംക്രമികരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളും ഇതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം മാത്രം സംസ്ഥാനത്ത് 4116 പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടായെന്നാണ് കണക്ക്.ഇതില്‍ 30 പേര്‍ മരിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഇത്രയേറെ പേര്‍ മരിച്ചിട്ടും ഇത്തവണ കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ ആരോഗ്യവകുപ്പ് കാട്ടുന്ന നിസംഗത അതീവ കുറ്റകരമാണ്.നിലവില്‍ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം കുപ്പത്തൊട്ടിയായും അഴുക്കുചാലുകള്‍ മാലിന്യങ്ങള്‍ വന്നു മൂടിക്കിടക്കുന്ന സ്ഥിതിയുമാണ്. പകര്‍ച്ചവ്യാധികളും മഴക്കാലരോഗങ്ങളും പടര്‍ന്നുപിടിക്കാതിരിക്കാനും ജാഗ്രതാനടപടി അനുവര്‍ത്തിക്കുന്നതിനും ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഓടകളില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ഉറവിടമാലിന്യ സംസ്‌കരണ നടപടികള്‍ പ്രചരിപ്പിക്കുന്നതിനും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it