wayanad local

മഴക്കാലമെത്തി; മുളങ്കൂമ്പ് കൊണ്ട് വിഭവമൊരുക്കി ആദിവാസികള്‍

സുല്‍ത്താന്‍ ബത്തേരി: മഴക്കാലമായതോടെ പാരമ്പര്യ ഭക്ഷണമായ മുളക്കൂമ്പ് കൊണ്ടുള്ള കറികള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഗോത്രവിഭാഗങ്ങള്‍. വനാതിര്‍ത്തികളിലെ മുളങ്കാടുകളില്‍ മഴക്കാലത്ത് തളിര്‍ത്തുവരുന്ന മുളക്കൂമ്പ് ശേഖരിച്ചാണ് വളരെ സ്വാദിഷ്ടമായ കറികള്‍ ഉണ്ടാക്കുന്നത്.
മഴക്കാലത്ത് ഗോത്രവര്‍ഗക്കാരുടെ പ്രധാന ഭക്ഷണമാണ് മുളക്കൂമ്പ്. മഴക്കാലമായാല്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രകളടക്കമുള്ളവര്‍ വനാതിര്‍ത്തിയിലെ മുളങ്കാടുകളിലെത്തി കൂമ്പുകള്‍ ശേഖരിക്കും. പിന്നീട് ഇവ വീട്ടിലെത്തി വളരെ കനം കുറച്ച് മുറിച്ചെടുക്കുകയാണ് ചെയ്യാറ്. വിഷാംശം കളയുന്നതിന്നായി വെള്ളത്തിലിട്ട് തിളപ്പിക്കും.
കറിയോ തോരനോ ആണ് ഉണ്ടാക്കുക. മുളക്കൂമ്പ് അച്ചാറുമുണ്ടാക്കാറുണ്ട്. കനം കുറച്ച് മുറിച്ചെടുക്കുന്ന മുളക്കൂമ്പ് ഉണക്കിയെടുത്തും കറിവയ്ക്കാറുണ്ട്. മുളക്കൂമ്പിനു പുറമെ ചേമ്പിന്‍താള്‍, ഇലവര്‍ഗങ്ങള്‍ എന്നിവയും മഴക്കാലത്ത് കറിവയ്ക്കുന്നതിന്നായി ശേഖരിക്കുന്നു. നല്ല രുചിക്കു പുറമെ ഏറെ പോഷകങ്ങള്‍ അടങ്ങിയ വിഭവങ്ങളാണ് ഇവയെല്ലാം. മുമ്പ് ആദിവാസികളെ രോഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നത് ഇത്തരം ഭക്ഷ്യവിഭവങ്ങളാണ്.
Next Story

RELATED STORIES

Share it