palakkad local

മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കണം: മന്ത്രി എ കെ ബാലന്‍

പാലക്കാട്: ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ നിയമ, സാംസ്‌ക്കാരിക, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരോടും ജില്ലാ തല ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനം നടപ്പിലാക്കുന്നതില്‍ സാമ്പത്തിക വിഷമതകളില്ല. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലക്ക് 50 ലക്ഷം രൂപ ലഭിച്ചതായും, ആവശ്യപ്പെടുന്ന പക്ഷം കൂടുതല്‍ തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് തലത്തില്‍ 25000 രൂപ വരെ വിനിയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഫലപ്രദമായി ഉപയോഗിച്ചുവെന്ന് ഗ്രാമ പഞ്ചായത്തുകള്‍ ഉറപ്പാക്കണം. ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിക്കുന്നതില്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നീക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് എംപിമാരുടെയും എംഎല്‍എ മാരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ജില്ലാ കലക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ ശുചീകരണ വാരമായി ആചരിക്കണം. പട്ടിണിയില്ലാത്ത അട്ടപ്പാടി എന്ന ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുമാസത്തിനുള്ളില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ഭക്ഷണം പാകം ചെയ്ത് പ്രദേശത്തെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വീടുകളില്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ മന്ത്രിക്ക് ജില്ല പഞ്ചായത്ത് ജീവനക്കാര്‍ സ്വീകരണവും നല്‍കി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. കെ ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍, ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, സെക്രട്ടറി ടി എസ് മജീദ്, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബാബുരാജ്, ഫിനാന്‍സ് ഓഫിസര്‍ സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it