wayanad local

മഴക്കാലപൂര്‍വ ശുചീകരണം വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണം: മന്ത്രി

കല്‍പ്പറ്റ: ജില്ലയിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സിവില്‍ സ്‌റ്റേഷനിലെ എപിജെ അബ്ദുല്‍ കലാം മെമോറിയല്‍ ഹാളില്‍ ചേര്‍ന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. വാര്‍ഡ്തല സമിതികള്‍ ഇനിയും യോഗം ചേരാത്ത പഞ്ചായത്തുകളും നഗരസഭകളും ഇന്നു യോഗം ചേരണം.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തോടൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജന സംഘടനകള്‍ എന്നിവയെയെല്ലാം പങ്കാളികളാക്കണം. ആദിവാസി കോളനികളിലും തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന വീടുകളുടെ സമീപവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടായും അല്ലാതെയും താമസിക്കുന്ന സ്ഥലങ്ങളിലും ശുചീകരണം നടത്തണം.
തിരഞ്ഞെടുപ്പായതിനാല്‍ മഴക്കാലത്തിനു മുമ്പ് നടത്തേണ്ടിയിരുന്ന പരിസര ശുചീകരണവും മാലിന്യ സംസ്‌കരണവും വേണ്ട രീതിയില്‍ നടന്നിട്ടില്ല. മഴ ശക്തിപ്പെടുന്നതോടെ പകര്‍ച്ചവ്യാധികളും മറ്റു പല വിധ രോഗങ്ങളും വരാനിടയുണ്ട്. മഴക്കാലരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ്രപധാനമാണ് ശുചീകരണം. തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
ശുചീകരണവും ബോധവല്‍ക്കരണമാണ്. ശുചീകരണ പ്രവൃത്തികള്‍ ജൂണ്‍ 12 വരെ നീണ്ടുനില്‍ക്കും. ബോധവല്‍ക്കരണത്തിനായി ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം പൂര്‍ണമായി ഉപയോഗിക്കണം. സര്‍ക്കാര്‍ ആശുപത്രികളും പിഎച്ച്‌സികളും ഇതിനായി സജ്ജമാക്കണം. ആവശ്യത്തിന് മരുന്ന് സംഭരിക്കണം. ജില്ലാ തലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തണമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്‍കൈയെടുത്ത് നടത്തിയ ഓര്‍മമരം പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു.
ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആശാദേവി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 64 ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത് 2013ല്‍ 50, 2014ല്‍ 44, 2015ല്‍ 157 എന്നിങ്ങനെയായിരുന്നു. ഡെങ്കിപ്പനിയുടെ വൈറസ് പരത്തുന്ന കൊതുകുകള്‍ പ്ലാസ്റ്റിക് കൂടുകളില്‍ ഒരു തുള്ളി വെള്ളത്തില്‍ നിന്നുപോലും മുട്ടയിട്ട് പെരുകും. അതിനാല്‍ പ്ലാസ്റ്റിക് കൂടുകള്‍ പുറത്ത് വലിച്ചെറിയരുത്.
അക്യൂട്ട് ഡയേറിയ ഡിസീസ് (എഡിഡി) 5,304 കേസുകള്‍ ഈ വര്‍ഷം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു മുന്‍ വര്‍ഷങ്ങളില്‍ 2013ല്‍ 10,094, 2014ല്‍ 13,106, 2015ല്‍ 12,462 എന്നിങ്ങനെയായിരുന്നു. ഭക്ഷ്യവിഷബാധ കൂടുതലായി റിപോര്‍ട്ട് ചെയ്തത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ്. ഈ വര്‍ഷം ഒമ്പത് കുരങ്ങുപനി കേസുകള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും ആര്‍ക്കും ജീവഹാനിയുണ്ടായില്ല. ഇതുപോലെ എലിപ്പനിയും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട രോഗമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധമായി എലിപ്പനിക്കെതിരായ ഗുളിക കഴിക്കണമെന്നും ഡിഎംഒ അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണ്. ലാബ്, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, ആംബുലന്‍സ് യൂനിറ്റുകള്‍, ഒആര്‍എസ് കിറ്റുകള്‍ എന്നിവ തയ്യാറാണ്. ഏറ്റവും പ്രധാനം കൊതുകു നശീകരണമാണ്. ഇതിന് എല്ലാ വകുപ്പുകളുടെയും പ്രത്യേകിച്ച് സേവനം അത്യാവശ്യമാണെന്നും ഡിഎംഒ പറഞ്ഞു. മഴക്കാലത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന സൗജന്യമായി നടത്തി നല്‍കണമെന്നു ജല അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it