മഴക്കാലത്തെ വൈദ്യുതി തടസ്സം; ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: മഴക്കാലത്ത് വൈദ്യുത തടസ്സങ്ങള്‍ കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉന്നത ഉദേ്യാഗസ്ഥന്‍മാരുടെ യോഗം വിളിച്ചു. ഇതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മഴക്കാല പൂര്‍വ അറ്റകുറ്റപ്പണികള്‍ പൂര്‍ണമാക്കുന്നതിന് ഇക്കാലയളവില്‍ കഴിഞ്ഞിട്ടില്ലെന്നു യോഗം വിലയിരുത്തി. വടക്കേ മലബാറില്‍ ഇതുമൂലം വൈദ്യുതി തടസ്സങ്ങള്‍ കൂടുതലാണ്.
യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മഴക്കാലമായ ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ വൈദ്യുതി തടസ്സങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മോണിറ്ററിങ് സംവിധാനത്തിന് യോഗം രൂപം നല്‍കി.
വൈദ്യുതി തടസ്സങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്തം അതതു പ്രദേശത്തെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് ആയിരിക്കും. ചീഫ് എന്‍ജിനീയര്‍മാര്‍ ഇത് ദിനംപ്രതി പരിശോധിക്കുകയും, ബോര്‍ഡിനു റിപോര്‍ട്ട് നല്‍കുകയും വേണം. ബോര്‍ഡ് ചെയര്‍മാന്‍ ആഴ്ചയിലൊരിക്കല്‍ ഇത് പരിശോധിക്കുകയും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയും ചെയ്യണം.
അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സത്വരമായി നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വലിയ തോതില്‍ വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായാല്‍ സെക്ഷന്‍ ഓഫിസില്‍ ബന്ധപ്പെടുന്നതിനുള്ള പരിമിതി പരിഹരിക്കാന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ളവരുടെ ഔദ്യോഗിക നമ്പര്‍ പരസ്യപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മഴക്കാലത്ത് വൈദ്യുതി മേഖലയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റു വകുപ്പുകളുമായി ചേര്‍ന്ന് യോജിച്ച് പ്രവര്‍ത്തിക്കുന്നതിനായി ജില്ലാ കലക്ടര്‍മാര്‍ക്ക് കത്ത് നല്‍കിയതായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ പോള്‍ ആന്റണി പറഞ്ഞു. മഴക്കാലത്ത് വൈദ്യുതി രംഗത്തെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. കെഎസ്ഇബി ഡയറക്ടര്‍മാരായ എന്‍ എസ് പിള്ള, സി വി നന്ദന്‍, പി വിജയകുമാരി. ഡോ. ഒ അശോകന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it