Kottayam Local

മഴക്കാലകെടുതി; നഷ്ടപരിഹാരം 48 മണിക്കൂറിനകം നല്‍കണം: മന്ത്രി കെ രാജു

കോട്ടയം: മഴക്കാലത്ത് പ്രകൃതിദുരന്തമോ അനിഷ്ട സംഭവങ്ങളോ മൂലം വീടുകള്‍ക്ക് കേടുപാടോ മറ്റ് നഷ്ടങ്ങളോ സംഭവിക്കുന്ന വ്യക്തികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വനം മന്ത്രി കെ രാജു കലക്ടര്‍ സ്വാഗത് ഭണ്ഡാരിക്ക് നിര്‍ദേശം നല്‍കി. 24 മണിക്കൂറിനുള്ളില്‍ വില്ലേജ് ഓഫിസറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ റിപോര്‍ട്ട് നല്‍കണം.
കാലവര്‍ഷ മുന്നൊരുക്കം സംബന്ധിച്ച ജില്ലാതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനും അടുത്ത ദിവസങ്ങളിലും തീവ്ര പരിസര ശുചീകരണം നടത്തണം. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി മൂലം രോഗികള്‍ അധികമായെത്താന്‍ സാധ്യതയുള്ളതിനാല്‍ അടിസ്ഥാന സൗകര്യവും മരുന്നുകളും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും ഇവിടങ്ങളില്‍ ഉറപ്പുവരുത്തണം. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ക്ക് കലക്ടര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ നേതൃത്വം നല്‍കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുതല ശുചീകരണവും ആരോഗ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വാര്‍ഡിന് 25000 രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം ചേരണം. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മഴക്കാലത്ത് ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവ സംബന്ധിച്ച വിവരം നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെയുള്ള സ്ഥാപന മേധാവികള്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കണം.പിഡബ്ല്യുഡി റോഡരികിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖിരങ്ങളും മുറിച്ചു മാറ്റുന്നതിന് ആര്‍ഡിഒമാര്‍ നടപടി സ്വീകരിക്കണം.
കൊതുക് നിവാരണത്തിനു ഫോഗിങിന് മരുന്നും ഉപകരണങ്ങളും തയ്യാറാക്കണം. പ്രകൃതി ക്ഷോഭത്തില്‍ അപകടത്തില്‍പ്പെട്ടവരുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡോ.എന്‍ ജയരാജ്, സി എഫ് തോമസ്, സി കെ ആശ എംഎല്‍എ, ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ,് ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് പ്ലാക്കിത്തൊട്ടില്‍, എഡിഎം പി അജന്ത കുമാരി, ആര്‍ഡിഒമാരായ സി കെ പ്രകാശ്, ജി രമാദേവി പങ്കെടുത്തു.
Next Story

RELATED STORIES

Share it