kozhikode local

മഴക്കാലം: ദുരന്തങ്ങള്‍ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍

കോഴിക്കോട്: വര്‍ഷകാല ദുരന്തങ്ങള്‍ നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണസമിതി യോഗം രൂപം നല്‍കി.
പൊതുവഴികളിലേക്ക് അപകടകരമായ രീതിയില്‍ ചരിഞ്ഞു നില്‍ക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കും. സ്വകാര്യ വ്യക്തികളുടെ അധീനതയില്‍ വരുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റണം. അല്ലാത്ത പക്ഷം അവ ഏതെങ്കിലും വിധത്തില്‍ പൊതുജനങ്ങളുടെ ജീവനോ സ്വത്തിനോ ഭീഷണിയായാല്‍ ഉടമസ്ഥന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മെയ് 22 മുതല്‍ പ്രത്യേക കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിക്കും. റവന്യൂ, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നീ വിഭാഗങ്ങള്‍ക്കു പുറമെ കൃഷി, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളുടെയും പ്രവര്‍ത്തനം 24 മണിക്കൂറാക്കും.പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കാനുളള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കുന്നതോടൊപ്പം അവിടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ശുചിത്വം ഉറപ്പുവരുത്താനും സാംക്രമികരോഗങ്ങള്‍ തടയാനും നടപടികളെടുക്കും. യോഗത്തില്‍ എഡിഎം ടി ജനില്‍ കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഡി സാലി, ഫിനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന്‍ ഹമീദ്, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) കെ പ്രഭാവതി, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it