kozhikode local

മല്‍സ്യ ക്ഷാമം; സ്ത്രീകള്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക്

പി കെ രവീന്ദ്രനാഥന്‍

കൊയിലാണ്ടി: കടലില്‍ മല്‍സ്യം ഗണ്യമായ തോതില്‍ കുറഞ്ഞതോടെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ തൊഴില്‍ തേടി പുതിയ മേഖലകളിലേക്ക് നീങ്ങുന്നു. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് വലനിറയെ മല്‍സ്യം ലഭിച്ചിട്ട് രണ്ടു വര്‍ഷമായി. പ്രധാന മല്‍സ്യ ഇനമായ മത്തി കണി കാണാന്‍ പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. പുരുഷന്‍മാര്‍ക്ക് തൊഴിലില്ലാതായതോടെ കുടുംബം പുലര്‍ത്താനായി സ്ത്രീകള്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കുടുംബശ്രീ, അയല്‍ക്കൂട്ടം സംവിധാനങ്ങളിലൂടെ പുത്തന്‍ തൊഴില്‍ സംരംഭങ്ങളിലേക്ക് സ്ത്രീകള്‍ എത്തിക്കഴിഞ്ഞു. ഇതിന് പുറമെ വിദ്യഭ്യാസമുള്ള യുവതികള്‍ കൊയിലാണ്ടിയിലും കോഴിക്കോട്ടും വിവിധ കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു.
വീട്ടിലെ പണികളും മക്കളുടെ വിദ്യഭ്യാസം വരെയുള്ള കാര്യങ്ങളും ദൈനംദിന ചെലവുകളുമെല്ലാം ഇപ്പോള്‍ സ്ത്രീകളുടെ തലയിലെത്തിയിരിക്കുകയാണ്. സമീപകാലത്തൊന്നും മല്‍സ്യമേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയില്ലെന്ന അഭിപ്രായക്കാരാണ് തൊഴിലാളികള്‍. സമൃദ്ധമായി കിട്ടിയിരുന്ന മത്തിയുടെ അളവ് 55 ശതമാനം കുറഞ്ഞിരിക്കയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ട്രോളിങ്, മീന്‍ കുഞ്ഞുങ്ങളെ പിടിക്കല്‍ ഇതൊക്കെയാണ് മല്‍സ്യ കുറവിന് കാരണം. വില കുറഞ്ഞ നത്തോലി മാത്രമാണ് ഇപ്പോള്‍ കിട്ടുന്നത്.
ജൂണ്‍മാസം 47 ദിവസം ട്രോളിങ് നിരോധനം പുറപ്പെടുവിക്കും. ഇതുകൊണ്ട് കാര്യമില്ലെന്നാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ചുരുങ്ങിയത് ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ ട്രോളിങ് നിരോധിക്കണം.
എങ്കില്‍ മാത്രമേ മല്‍സ്യ സമ്പത്ത് നിലനിര്‍ത്താന്‍ കഴിയൂ. സര്‍ക്കാര്‍ നയങ്ങള്‍ വന്‍കിട ട്രോളറുകളെ സഹായിക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂ. അല്ലെങ്കില്‍, മറ്റു പരമ്പരാഗത മേഖലകളെ പോലെ മല്‍സ്യബന്ധന മേഖലയും തകരും. മല്‍സ്യം ലഭിക്കാതായതോടെ നിര്‍ദിഷ്ട ഹാര്‍ബറും പരിസരവും തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it