ernakulam local

മല്‍സ്യവ്യാപാരിയെ കൈയേറ്റം ചെയ്ത സംഭവം: മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല; കേസ് അവസാനിപ്പിച്ചു

കൊച്ചി: കൈയേറ്റം ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ മല്‍സ്യവ്യാപാരിക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെ കഴിഞ്ഞ അഞ്ചു മാസക്കാലമായി പോലിസ് കംപ്ലൈന്റ് അതോറിറ്റിയില്‍ വിധി കാത്തുകിടന്ന കേസിന് അപ്രതീക്ഷിത ക്ലൈമാക്‌സ്.
ഇന്നലെ എറണാകുളം റെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ഒരേ രീതിയില്‍ വസ്ത്ര ധാരണം നടത്തിവന്ന നിരവധി പോലിസുകാരുടെ ഇടയില്‍ നിന്നും യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ സാധിക്കാതെ മല്‍സ്യകച്ചവടക്കാരന്‍ ഹനീഫ കുഴഞ്ഞു. പലതവണ മാറി മാറി നോക്കിയിട്ടും പ്രതിയെ തിരിച്ചറിയാന്‍ ഹനീഫയ്ക്കു സാധിക്കാതെ വന്നതോടെ കേസ് അവസാനിപ്പിക്കാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നിര്‍ദേശം നല്‍കി.
കഴിഞ്ഞ നവംബര്‍ 27ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പെരുന്നയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെട്ടിവണ്ടിയില്‍ മീനുമായി വന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹനീഫ(44)യില്‍ നിന്നും രണ്ടര കിലോ ഗ്രാം മീന്‍ വാങ്ങുകയും മീനിന്റെ വില ചോദിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസറാണ് മീന്‍ വാങ്ങിയത്.
പണം ചോദിച്ചപ്പോള്‍ തരാമെന്നു പറയുകയും പിന്നീട് പോലിസ് വാഹനത്തിലെത്തിയ മറ്റൊരു ഓഫിസര്‍ കാശ് ചോദിച്ചതിന്റെ പേരില്‍ ഹനീഫയെ കരണത്തടിക്കുകയും, കഴുത്തിനു പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തുവത്രെ. പരാതി ലഭിച്ചതിനു ശേഷം ആദ്യം നടത്തിയ സിറ്റിങ്ങില്‍ ഹനീഫയും രണ്ടാമത്തെ സിറ്റിങ്ങില്‍ പോലിസുകാരും ഹാജരായില്ല. തുടര്‍ന്ന് പ്രതിയെ അന്വേഷിച്ചു ഹാജരാക്കാന്‍ ഐജി മഹിപാല്‍ യാദവിനു ജസ്റ്റിസ് നിര്‍ദേശം നല്‍കി.
പിന്നീട് നടന്ന സിറ്റിങ്ങില്‍ പ്രതിസ്ഥാനത്തുള്ള ആളെയല്ല ഹാജരാക്കിയതെന്ന് ഹനീഫ പറഞ്ഞതോടെ ജസ്റ്റിസ് നാരായണക്കുറുപ്പ് പോലിസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
യഥാര്‍ഥ പ്രതിയെ ഹാജരാക്കാന്‍ ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് പോലിസുകാരെല്ലാം ഹാജരായത്. എന്നാല്‍ ഹനീഫയ്ക്ക് പ്രതിയെ തിരിച്ചറിയാന്‍ സാധിക്കാതെ വരികയായിരുന്നു.
Next Story

RELATED STORIES

Share it