kozhikode local

മല്‍സ്യലഭ്യതക്കുറവ്; തീരദേശത്തെ കാത്തിരിക്കുന്നത് വറുതിയുടെ നാളുകള്‍

കെ പി റയീസ്

വടകര: മല്‍സ്യലഭ്യതയുടെ കു റവ് കാരണം തീരദേശ ജനങ്ങ ളെ കാത്തിരിക്കുന്നത് വറുതി യുടെ നാളുകള്‍. മല്‍സ്യ ലഭ്യതയുടെ കുറവ് മൂലം മാസങ്ങളോളമായി തീരദേശത്തുള്ളവര്‍ ദുരിതത്തിലാണ്. പട്ടിണിക്ക് കുറച്ചെങ്കിലും ആശ്വാസം തേടി പലരും മാസങ്ങള്‍ക്ക് മുമ്പ് തന്നെ മറ്റു ജോലികള്‍ തേടി പോയെങ്കിലും കുലത്തൊഴില്‍ വിട്ടതിന്റെ വിഷമം കണ്ണീരുലൂടെയാണ് ഇവര്‍ പറയുന്നത്. കാലവര്‍ഷം കനക്കുന്നതോടെ വരുന്ന ട്രോളിങ് നിരോധനം ഇവരുടെ ദുരിതത്തിന് ആക്കം കൂട്ടും. മല്‍സ്യക്കുറവ് കാരണം മറ്റു ജോലികള്‍ തേടി പോയവരുടെ എണ്ണം വളരെ വലുതാണ്. മാത്രമല്ല അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നക്കുന്നതും കാലവര്‍ഷത്തില്‍ തന്നെയാണ്. ഇതോടെ മക്കള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതിയാണ്. തോണികളും മറ്റു ഉപകരണങ്ങളും വില്‍പന നടത്തി ഈ മേഖലയോട് വിടപറഞ്ഞവരും നിരവധിയാണ്. ഒരു ദിവസം മല്‍സ്യബന്ധനത്തിന് പോവുന്നതിന് ഏകദേശം 5000രൂപയോളം ചെലവു വരുമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ മിക്ക ദിവസങ്ങളിലും ചെലവിന്റെ ഒരു ഭാഗം പോലും വരുമാനായി ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
പലരും ബാങ്കില്‍ നിന്ന് ലോണെടുത്തതും, വിദേശത്ത് പോയി സമ്പാദിച്ചതുമായ പണം ഉപയോഗിച്ചാണ് തോണിയും സാധനങ്ങളും വാങ്ങിയത്. ബാങ്കില്‍ നിന്ന് വായ്പ്പയെടുത്തവര്‍ ജപ്തി ഭീഷണിയിലാണ്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ വാക്കിലും പേപ്പറുകളിലും ഒതുങ്ങിയെന്ന് ഇവര്‍ പരാതി പറയുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചിലര്‍ ഇവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതായും തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it