മല്‍സ്യത്തൊഴിലാളികള്‍ക്കു മണ്ണെണ്ണ വിതരണം: 15 കോടി അനുവദിച്ചു

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്കു സബ്‌സിഡി നിരക്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍നിന്നും വെളള മണ്ണെണ്ണ വാങ്ങി മല്‍സ്യഫെഡ് മുഖേന വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതിനായി 15 കോടി രൂപ അനുവദിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങ ള്‍ പുറപ്പെടുവിച്ചതായി മന്ത്രി കെ ബാബു അറിയിച്ചു. വെരിഫിക്കേഷന്‍ ലിസ്റ്റില്‍പ്പെട്ട 19,362 പേര്‍ക്കും വെളള മണ്ണെണ്ണ ബങ്കുകളിലൂടെ നല്‍കുന്നതിന് മല്‍സ്യഫെഡ് എംഡി—ക്ക് നിര്‍ദേശം നല്‍കി ഉത്തരവായിട്ടുണ്ട്. 10 എച്ച്പി വരെയുളള എന്‍ജിനുകള്‍ക്ക് മാസത്തില്‍ 137 ലിറ്റര്‍ വീതവും 10 മുതല്‍ 15 എച്ച്പി വരെയുളള എന്‍ജിനുള്‍ക്ക് 144 ലിറ്റര്‍ വീതവും അതിനു മുകളില്‍ എച്ച്പിയുളള എന്‍ജിനുകള്‍ക്ക് 188 ലിറ്ററും യഥാ സമയത്ത് നിശ്ചയിക്കുന്ന നിരക്കില്‍ വെളള മണ്ണെണ്ണ വിതരണം ചെയ്യണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. പെര്‍മിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണെണ്ണയുടെ അളവിന് ഏറ്റക്കുറച്ചിലുകളുണ്ടാവും. സബ്‌സിഡി തുക ലിറ്ററിന് 25 രൂപ നിരക്കില്‍ മല്‍സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ വിതരണം ചെയ്യാന്‍ പാടുളളൂ. അനുവദിച്ചിരിക്കുന്ന വെളള മണ്ണെണ്ണ  ബങ്കുകള്‍ വഴി മാത്രമേ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാവൂ. മണ്ണെണ്ണ പെര്‍മിറ്റ് സംബന്ധിച്ചോ ഉപയോഗത്തെക്കുറിച്ചോ ഫിഷറീസ് വകുപ്പിന് സംശയമുളള പക്ഷം ഏത് പെര്‍മിറ്റിനും മണ്ണെണ്ണ നല്‍കുന്നത് താല്‍ക്കാലികമായി തടയാനുളള അധികാരം — ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. മണ്ണെണ്ണ ബങ്കുകളില്‍നിന്നും വിപണി നിരക്കില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന അളവില്‍ വെളള മണ്ണെണ്ണ വിതരണം ചെയ്യും. മണ്ണെണ്ണ ബങ്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ വിതരണത്തെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍  മല്‍സ്യഫെഡ് ജില്ലാ ഓഫിസര്‍മാരെ യഥാസമയം അറിയിക്കണം. പദ്ധതി നിര്‍വഹണ ഏജന്‍സിക്ക് (മല്‍സ്യഫെഡ്) ഹാന്റ്‌ലിങ് ചാര്‍ജും നികുതിയും ചേര്‍ത്ത് വിപണി വിലയ്ക്ക് അനുസൃതമായി വെളള മണ്ണെണ്ണയുടെ വില നിശ്ചയിച്ചു നല്‍കാം.
Next Story

RELATED STORIES

Share it