Kottayam Local

മല്‍സ്യത്തിന്റെ പണം ചോദിച്ചയാള്‍ ഓട്ടോ മറിച്ചിട്ടു; രണ്ടുപേര്‍ക്ക് പരിക്ക്

എരുമേലി: വില്‍ക്കാന്‍ വാങ്ങിയ മല്‍സ്യത്തിന്റെ പണം ചോദിച്ചയാള്‍ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി മറിച്ചിട്ടു. ഓട്ടോറിക്ഷ മറിഞ്ഞ് പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡ് ജങ്ഷനിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ മുണ്ടക്കയം പുഞ്ചവയല്‍ കാവുങ്കല്‍ നൗഫല്‍ (22), സഹോദരി ഫൗസിയയുടെ മകള്‍ ഫാത്തിമ (മൂന്ന്) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ മറിച്ചിട്ട മല്‍സ്യ വ്യാപാരി ചുങ്കപ്പാറ സ്വദേശി ഫൈസല്‍ ഖാദര്‍ കറുകവാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സഹോദരിയുടെ മകളുടെ ആധാര്‍ കാര്‍ഡ് എടുക്കാനായി എരുമേലിയിലെ അക്ഷയ കേന്ദ്രത്തില്‍ പോയി തിരികെ മടങ്ങുമ്പോഴാണ് സംഭവമെന്ന് ചികില്‍സയില്‍ കഴിയുന്ന നൗഫല്‍ പറയുന്നു.
മല്‍സ്യം വാങ്ങി ചില്ലറ വിലയ്ക്ക് വില്‍ക്കുന്ന നൗഫല്‍ കൊടുക്കാനുള്ള പണം ഫൈസല്‍ ഖാദര്‍ ചോദിച്ചതാണ് അപകടത്തില്‍ കലാശിച്ചത്. പണം അടുത്ത ദിവസം തരാമെന്ന പറഞ്ഞ് ഓട്ടോറിക്ഷ മുന്നോട്ടെടുക്കുന്നതിനിടെ ചാടിക്കയറി ഫൈസല്‍ ബലമായി ഓട്ടോറിക്ഷ മറിക്കുകയായിരുന്നെന്ന് പറയുന്നു. നൗഫലിനും സഹോദരിയുടെ മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ എരുമേലി പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it