മല്‍സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് വിഎസ്

തിരുവനനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. നേമത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രായാധിക്യത്തിന്റെ പേരില്‍ വിഎസിനെ മല്‍സരരംഗത്തുനിന്ന് ഒഴിവാക്കാന്‍ സിപിഎം സംസ്ഥാനഘടകം ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞദിവസം വിഎസ് ദേശീയ നേതൃത്വത്തെ അറിയിക്കുകയുണ്ടായി.
സ്ഥാനാര്‍ഥിയല്ലെങ്കില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും എത്തില്ലെന്ന സൂചനയാണു വിഎസ് നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെയും പിബി അംഗം പിണറായി വിജയനെയും മല്‍സരിപ്പിക്കണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മല്‍സരിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കരുതെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രനേതൃത്വം. ഇവരുടെ സ്ഥാനാര്‍ഥിത്വമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.
Next Story

RELATED STORIES

Share it