മല്‍സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് ഉമ്മന്‍ചാണ്ടി ; മുഖ്യനെ തള്ളി നേതാക്കള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും അരുവിക്കര മോഡല്‍ പ്രസംഗം നടത്തി നേട്ടമുണ്ടാക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കം വിവാദമായി. ബിജെപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നുവെന്ന പ്രചാരണം ശക്തമായതോടെ ഇതിനു മറുതന്ത്രമെന്ന നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. അരുവിക്കരയില്‍ ഈ പരീക്ഷണം യുഡിഎഫിനെ വലിയതോതില്‍ സഹായിച്ചിരുന്നു.
അരുവിക്കരയിലെ എല്‍ഡിഎഫ് തോല്‍വിക്ക് പ്രധാന കാരണം ഉമ്മന്‍ചാണ്ടിയുടെ ഈ നിലപാടാണെന്ന് സിപിഎം പരസ്യമായി വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രധാന എതിരാളി ബിജെപിയാണെന്നായിരുന്നു കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ഉമ്മന്‍ചാണ്ടി പ്രസംഗിച്ചത്. ഇവിടങ്ങളില്‍ സിപിഎം മൂന്നാംസ്ഥാനത്താണെന്നും  മഞ്ചേശ്വരം, കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണു മല്‍സരമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ നിലപാട് തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ പ്രസ്താവനയ്ക്ക് തിരുത്തും വിശദീകരണവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രസംഗത്തിലെ ചില വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് സാധൂകരിക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെന്നാരോപിച്ച് സിപിഎം നേതാക്കളും ഗോദയിലിറങ്ങി. ഇതോടെ വിവാദപ്രസംഗം തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ അവസാനഘട്ട പ്രചാരണത്തിനിടയിലാണ് മണ്ഡലത്തില്‍ പ്രധാന മല്‍സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഉമ്മന്‍ചാണ്ടി തുറന്നടിച്ചത്. ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവനയെന്നാണു വിമര്‍ശനം. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മല്‍സരമെന്ന് വി എം സുധീരനും എ കെ ആന്റണിയും പ്രതികരിച്ചു. സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മല്‍സരമെന്ന് രമേശ് ചെന്നിത്തലയും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി അവിശുദ്ധബന്ധം സാധൂകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കുട്ടനാട് പ്രസംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ദാഹിക്കുന്ന ആര്‍എസ്എസിനെ സഹായിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് വിഭ്രാന്തിയാണെന്നും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ഉമ്മന്‍ചാണ്ടി ആശിര്‍വാദം നല്‍കുകയാണെന്നും പിബി അംഗം പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി പഴയ പല്ലവി ആവര്‍ത്തിക്കുമ്പോള്‍ ഒരു രാഷ്ട്രീയക്കച്ചവടത്തിന്റെ ചുരുള്‍ വിടരുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ട് നേടാന്‍ ഉമ്മന്‍ചാണ്ടി അരുവിക്കരയില്‍ പറഞ്ഞ കള്ളം ആവര്‍ത്തിക്കുകയാണെന്ന് എം എ ബേബി അഭിപ്രായപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ടാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രതികരണം.
തുടര്‍ഭരണത്തിനായി കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയുണ്ടാക്കുന്നുവെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്കു മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നു പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it