Most popular

മലേസ്യ: പ്രധാനമന്ത്രിക്കെതിരായ പ്രക്ഷോഭം തുടരുന്നു

മലേസ്യ: പ്രധാനമന്ത്രിക്കെതിരായ പ്രക്ഷോഭം തുടരുന്നു
X
Malaysia-Prime-Minister

ക്വാലാലംപൂര്‍: അഴിമതി ആരോപണം നേരിടുന്ന മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുന്നു. നിയമവിരുദ്ധമാണെന്ന പോലിസ് പ്രഖ്യാപനം അവഗണിച്ചു പതിനായിരങ്ങളാണ് രണ്ടാംദിനവും തെരുവിലിറങ്ങിയത്.
2009ല്‍ സര്‍ക്കാര്‍ ആരംഭിച്ച നിക്ഷേപപദ്ധതിയായ വണ്‍ എം.ഡി.ബിയില്‍ നിന്ന് 4,470 കോടി രൂപയോളം സ്വകാര്യ അക്കൗണ്ടിലേക്കു മാറ്റിയതായാണ് പ്രധാനമന്ത്രിക്കെതിരേ ഉയര്‍ന്ന ആരോപണം. എന്നാല്‍, ആരോപണം നിഷേധിച്ച നജീബ് റസാഖ് മലേസ്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണു പ്രക്ഷോഭകര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
ശനിയാഴ്ചയിലെ റാലിയില്‍ 25,000 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നു പോലിസ് അറിയിച്ചപ്പോള്‍ രണ്ടുലക്ഷം പേര്‍ അണിനിരന്നതായി റാലിക്ക് ആഹ്വാനംചെയ്ത, തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനും സുതാര്യതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബെര്‍സിഹ് എന്ന സര്‍ക്കാരിതര സംഘടന അവകാശപ്പെട്ടു. പിന്തുണ അറിയിച്ച് മുന്‍ പ്രധാനമന്ത്രിയും നജീബിന്റെ കടുത്ത എതിരാളിയുമായ മഹാതിര്‍ മുഹമ്മദ് റാലിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബെര്‍സിഹിന്റെ മഞ്ഞനിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നായി മെര്‍ദേക സ്‌ക്വയറിലേക്കു മാര്‍ച്ച് നടത്തുകയായിരുന്നു.
2009ല്‍ ആരംഭിച്ച സര്‍ക്കാര്‍ നിക്ഷേപപദ്ധതിയാണ് 'വണ്‍ മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് സ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്' (വണ്‍ എം.ഡി.ബി.) ദേശീയ സാമ്പത്തികവികസനവും ക്വാലാലംപൂരിനെ വാണിജ്യ കേന്ദ്രവുമാക്കലായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തിയ ആറ്റോര്‍ണി ജനറലിനെയും നജീബിന്റെ വിമര്‍ശകനായിരുന്ന ഉപപ്രധാനമന്ത്രിയെയും തദ്സ്ഥാനങ്ങളില്‍നിന്നു നീക്കിയിരുന്നു.
Next Story

RELATED STORIES

Share it