മലേഗാവ് സ്‌ഫോടനം: ഒമ്പത് നിരപരാധികളെ വിട്ടയക്കുന്നതിനെതിരേ എന്‍ഐഎ

ന്യൂഡല്‍ഹി: 2006ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ നിരപരാധികളെന്ന് എന്‍ഐഎ തന്നെ കണ്ടെത്തിയ ഒമ്പത് മുസ്‌ലിം യുവാക്കളെ വെറുതെവിടുന്നതിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം വിചാരണ നടക്കുന്ന കേസില്‍ ജഡ്ജി വി വി പാട്ടീല്‍ 25ന് വിധിപ്രഖ്യാപിക്കും.
മുമ്പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സിബിഐയും അന്വേഷിച്ച കേസില്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, തങ്ങളുടെ കണ്ടെത്തല്‍ ഇതിനു വിരുദ്ധമാണെന്നായിരുന്നു എന്‍ഐഎ അഭിഭാഷകന്‍ പ്രകാശ് ഷെട്ടി കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഒടുവില്‍ ഈ നിലപാട് മാറ്റി, പ്രതികളെ വിട്ടയക്കുന്നതിനോടു യോജിപ്പില്ലെന്ന് എന്‍ഐഎ വ്യക്തമാക്കുകയായിരുന്നു.
തങ്ങള്‍ നടത്തിയത് പുനരന്വേഷണമല്ലെന്നും തുടരന്വേഷണമാണെന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വാദം. എടിഎസും സിബിഐയും കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതികളെ വെറുതെവിടുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്ത ഏജന്‍സികള്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ രണ്ടുസംഘം പ്രതികളാണുള്ളതെന്നും ഇതില്‍ ഏതുവിഭാഗമാണ് വിചാരണ നേരിടേണ്ടതെന്നും മറുവിഭാഗത്തെ വെറുതെവിടണമോയെന്നതും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. എടിഎസും സിബിഐയും കുറ്റംചാര്‍ത്തപ്പെട്ടവരെ വിട്ടയക്കണമെന്നു തങ്ങള്‍ വാദിക്കുന്നത് അവരുടെ കുറ്റപത്രത്തില്‍ കൈകടത്തലാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മലേഗാവ് സ്‌ഫോടനത്തിലടക്കം ഹിന്ദുത്വഭീകരര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെളിവുകള്‍ പുനപ്പരിശോധിക്കുമെന്ന് 2011ല്‍ അന്നത്തെ എന്‍ഐഎ പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍ വിചാരണക്കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it