മലേഗാവ് കേസില്‍ മെല്ലെപ്പോക്ക് നയം; വ്യാജ ഏറ്റുമുട്ടലുകളും അറസ്റ്റുകളും: വിമര്‍ശനവുമായി അമേരിക്ക

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലുകളുടെയും ഏകപക്ഷീയമായ അറസ്റ്റ് നടപടികളുടെയും പേരില്‍ ഇന്ത്യക്ക് അമേരിക്കയുടെ വിമര്‍ശനം. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ആന്ധ്രപ്രദേശിലും തെ ലങ്കാനയിലും നടന്ന രണ്ടു വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ ഉദ്ധരിച്ചാണ് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയ 2015ലെ മനുഷ്യാവകാശ റിപോര്‍ട്ടില്‍ ഇന്ത്യയുടെ നടപടികളെ വിമര്‍ശിക്കുന്നത്. ഈ മാസം 14നാണ് അമേരിക്ക റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
ആന്ധ്രപ്രദേശ് പ്രത്യേക ദൗത്യസേന ചന്ദനക്കള്ളക്കടത്തുകാരെന്നു കരുതുന്ന 20 തമിഴ് ഗ്രാമീണരെ കഴിഞ്ഞ ഏപ്രില്‍ 17നു വെടിവച്ചുകൊന്നിരുന്നു. അന്നേദിവസം തന്നെ നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ള അഞ്ച് മുസ്‌ലിം ചെറുപ്പക്കാരെ കൈവിലങ്ങണിയിച്ച നിലയില്‍ വെടിവച്ചു കൊന്നിരുന്നു. രണ്ടു സംഭവങ്ങളും പോലിസ് ആസൂത്രണംചെയ്ത വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരികയുംചെയ്തു.
സിമിയുമായി ബന്ധം ഉണ്ടെന്നാരോപിച്ചു പിടിയിലായ 14 ചെറുപ്പക്കാരെ കഴിഞ്ഞ സപ്തംബര്‍ 30ന് വെറുതെവിട്ട സംഭവം രാജ്യത്ത് അന്യായവും ഏകപക്ഷീയവുമായ അറസ്റ്റുകള്‍ ആവര്‍ത്തിക്കുന്നതിന്റെ തെളിവാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വിചാരണക്കോടതി വെറുതെവിട്ട 14 പേര്‍ക്കെതിരെയും വിവാദമായ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) പ്രകാരമാണ് കേസെടുത്തിരുന്നത്.
യുഎപിഎ കേസുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും 2001നും 2012നും ഇടയില്‍ മധ്യപ്രദേശില്‍ മാത്രം 75 പേര്‍ക്കെതിരേ ഈ നിയമപ്രകാരം അന്യായമായി കേസെടുത്തതായും ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍, പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് തുടങ്ങിയ സംഘടനകള്‍ ആരോപിച്ചിരുന്നു. 75 പേരും മുന്‍ സിമിക്കാരോ മുന്‍ സിമിക്കാരുടെ സുഹൃത്തുക്കളോ അല്ലെങ്കില്‍ അവരുമായി ഏതെങ്കിലും നിലയ്ക്ക് ബന്ധമുള്ളവരോ ആയിരുന്നുവെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹിന്ദുത്വ സംഘടനകള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് സ്‌ഫോടനക്കേസില്‍ മെല്ലെപ്പോക്ക് നയം തുടരുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ നിലപാടിനെയും റിപോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. കേസില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സപ്തംബര്‍ 11ന് സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്‍കിയതും പരാമര്‍ശിക്കുന്ന റിപോര്‍ട്ടില്‍, എന്‍ഐഎ മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാന്‍ ഈ വിഷയം ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന കാര്യവും പറയുന്നുണ്ട്.
പ്രതികളായ ആര്‍എസ്എസ് നേതാക്കളടക്കമുള്ള ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥരില്‍ നിന്നു സമ്മര്‍ദ്ദമുണ്ടായതായി രോഹിണി സല്യാന്‍ വെളിപ്പെടുത്തിയിരുന്നു. കശ്മീരിലും മണിപ്പൂരിലും പോലിസും സൈന്യവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it