മലിനീകരണ വിരുദ്ധ നടപടി പരീക്ഷണാര്‍ഥം ജനുവരി ഒന്നുമുതല്‍15 ദിവസം ഡല്‍ഹിയില്‍ 10 ലക്ഷം കാറുകള്‍ റോഡിലിറങ്ങില്ല

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ഡല്‍ഹിയില്‍ പത്തു ലക്ഷത്തോളം കാറുകള്‍ റോഡില്‍നിന്നു പിന്‍വാങ്ങും. നമ്പറുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ഡീസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ നഗരത്തില്‍ വര്‍ധിച്ചുവരുന്ന വായുമലിനീകരണ നിരക്കില്‍ കാര്യമായ കുറവുണ്ടാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 19 ലക്ഷത്തിലധികം നാലു ചക്രവാഹനങ്ങളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന നിയന്ത്രണത്തോടെ ഇതില്‍ പകുതി എണ്ണം മാത്രമേ ഒരു ദിവസം റോഡിലിറങ്ങുകയുള്ളൂ. പരീക്ഷണാര്‍ഥം 15 ദിവസമാണ് പദ്ധതി നടപ്പാക്കുകയെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശീതകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ വായു വാഹനങ്ങളിലെ പുക കാരണം അത്യന്തം മലിനമാവുന്നുവെന്നാണ് കാണ്‍പൂര്‍ ഐഐടി നടത്തിയ പഠനത്തില്‍ വ്യക്തമായത്.
നോയ്ഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ്, സോനിപത് തുടങ്ങിയ പ്രദേശത്തുനിന്ന് ഡല്‍ഹിയില്‍ പ്രവേശിക്കുന്ന നാലുചക്ര വാഹനങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതിയും കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഡിസംബര്‍ 25നു മുമ്പ് വാഹനങ്ങളുടെ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണപദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ ഓടുന്ന ഏതാണ്ട് 57 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. അതിനിടെ ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കണമെന്ന ദേശീയ ഹരിത കോടതിയുടെ ഉത്തരവ് വാഹന നിര്‍മാതാക്കളില്‍ ആശങ്കയുണ്ടാക്കി. തലസ്ഥാന നഗരിയില്‍ പുതിയ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കുന്നത് നിരവധി കോടി രൂപയുടെ നഷ്ടത്തിനിടയാക്കുമെന്നാണ് വാഹന നിര്‍മാതാക്കള്‍ ഭയക്കുന്നത്. മുഴുവന്‍ തുകയും നല്‍കി പുതിയ വാഹനങ്ങള്‍ ബുക്ക് ചെയ്തവരുടെ വാഹന രജിസ്‌ട്രേഷനെയും കൈമാറ്റത്തെയും പറ്റി സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതും ഹരിത കോടതി നിരോധിച്ചിട്ടുണ്ട്. ദിനംപ്രതി 1,400 മുതല്‍ 1,500 വരെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡല്‍ഹിയില്‍ അതില്‍ 30 ശതമാനവും ഡീസല്‍ വാഹനങ്ങളാണ്. ഹരിത കോടതിയുടെ പെട്ടെന്നുള്ള നിരോധന ഉത്തരവ് വാഹന നിര്‍മാതാക്കളിലും വാഹന ഉടമകളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും പ്രമുഖ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി സുസുക്കി ഇന്ത്യ, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ, റിനോ ഇന്ത്യ എന്നിവരുടെ പ്രതിനിധികള്‍ പറഞ്ഞു. വാഹനങ്ങളുടെ വിലയില്‍ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിക്കുന്ന വര്‍ഷാവസാനം ഉത്തരവ് വന്നത് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it