Kollam Local

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് അഞ്ചാം തവണയും പുനലൂര്‍ താലൂക്കാശുപത്രിക്ക്

പുനലൂര്‍:സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കേരളത്തിലെ ഏറ്റവും മികച്ച താലൂക്കാശുപത്രിക്കുള്ള പുരസ്‌കാരം ഇക്കുറിയും പുനലൂര്‍ താലൂക്കാശുപത്രിക്ക്.2011 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് കിഴക്കന്‍ മലയോര നാട്ടിലെ ഈ സര്‍ക്കാര്‍ ആശുപത്രിക്ക് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അവാര്‍ഡ് ലഭിക്കുന്നത്.

അതില്‍തന്നെ മികവില്‍ മികച്ചത് എന്ന പരിഗണനയില്‍ ഉള്ള എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കുന്നത് തുടര്‍ച്ചയായി മൂന്നാംതവണ. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക. കണ്ണൂരില്‍ അഞ്ചിന് ലോക പരിസ്ഥിതിദിനാഘോഷ ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് വിതരണം. ഏറ്റവും മികച്ച മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ആശുപത്രി വാര്‍ഡുകളിലെയും പരിസരത്തെയും വൃത്തി, മികച്ച രോഗീപരിചരണം, ജീവനക്കാരുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് പുനലൂര്‍ താലൂക്കാശുപത്രിക്ക് അവാര്‍ഡ് നല്‍കിയത്. പുരസ്‌കാരത്തിന് അന്തിമഘട്ട വിലയിരുത്തലിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പുനലൂര്‍ താലൂക്കാശുപത്രി സന്ദര്‍ശിച്ചിരുന്നു.പ്രവര്‍ത്തന മികവിന് സംസ്ഥാന സര്‍ക്കാരിന്റെ കാഷ് അക്രഡിറ്റേഷന്‍ പുരസ്‌കാരം ലഭിച്ച പുനലൂര്‍ താലൂക്കാശുപത്രിയുടെ പ്രവര്‍ത്തന മേല്‍നോട്ടം മുനിസിപ്പാലിറ്റിക്കാണ്. മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സുഭാഷ് ജി നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയാണ് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷായുടെ മാതൃകാ നേതൃത്വം താലൂക്കാശുപത്രിയെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ താലൂക്കാശുപത്രിക്കും ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും ലഭിച്ചിട്ടുണ്ട്. ്.ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന എല്ലാ രോഗികള്‍ക്കും ഉച്ചയ്ക്കും രാത്രിയിലും സൗജന്യ ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതി നഗരസഭാ പങ്കാളിത്തത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. ഡയാലിസിസ് യൂനിറ്റ്, ആധുനിക ഫാര്‍മസി, മികച്ച ചികില്‍സാ സംവിധാനങ്ങള്‍, കാന്‍സര്‍ കെയര്‍ യൂനിറ്റ്, അത്യാധുനിക കാഷ്വാലിറ്റി, പാലിയേറ്റീവ് കെയര്‍ വാര്‍ഡ് എന്നിവയുള്ള താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.നിത്യേന ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് പേര്‍ വരെ ഒ പിയില്‍ എത്തുന്നുണ്ട്. 14 കോടിയുടെ ആശുപത്രി മന്ദിരം, നാലുകോടിയുടെ മെറ്റേര്‍നിറ്റി യൂനിറ്റ്, ഒരു കോടിയുടെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് നടപ്പാക്കാനുള്ള പദ്ധതികള്‍.
Next Story

RELATED STORIES

Share it