Idukki local

മലിനീകരണ നിയന്ത്രണം: കുമളി ഗ്രാമപ്പഞ്ചായത്തിന് വീണ്ടും അംഗീകാരം

കുമളി: കുമളി ഗ്രാമപ്പഞ്ചായത്ത് വീണ്ടും മലിനീകരണ നിയന്ത്രണ പുരസ്‌കാരത്തിന് അര്‍ഹമായി. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് കുമളിക്ക് മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം ലഭിക്കുന്നത്. 2013 ലാണ് ആദ്യം പുരസ്‌കാരം നേടിയത്. അന്ന് മൂന്നാം സ്ഥാനമാണ് പഞ്ചായത്തിന് ലഭിച്ചത്.
2014ല്‍ രണ്ടാം സ്ഥാനവും കഴിഞ്ഞ വര്‍ഷവും ഇത്തവണയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായുള്ള ക്ലീന്‍ കുമളി ഗ്രീന്‍ കുമളി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികള്‍ നടക്കുന്നത്. കുമളി ടൗണില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുള്ള മുരിക്കടിയിലാണ് പഞ്ചായത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രവും തേക്കടിയുടെ കവാടവുമായ കുമളിയില്‍ ഒരു കാലത്ത് മാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു.
ഇതിന് പരിഹാരം കാണുന്നതിനായി എം.എസ്.വാസു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് വന്ന ഭരണ സമിതികളും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് മുഖ്യ പരിഗണന നല്‍കിയതോടെ പുരസ്‌കാരങ്ങള്‍ പഞ്ചായത്തിനെ തേടിയെത്തുകയായിരുന്നു.
ഇപ്പോള്‍ ഇവിടെ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ്, ഇന്‍സനറേറ്റര്‍, മണ്ണിര കമ്പോസ്റ്റ്, വിന്റോ കമ്പോസ്റ്റ്, നശിപ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ചുള്ള ലാന്റ് ഫില്ലിങ് എന്നിവയാണ് നടക്കുന്നത്.മാലിന്യ നീക്കത്തിനായി മൂന്നു വാഹനങ്ങളും ശുചീകരണത്തിനും മറ്റുമായി 40തോളം തൊഴിലാളികളും സൊസൈറ്റിയില്‍ ജോലി ചെയ്യുന്നുണ്ട്.
പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരികളും, ഹോട്ടല്‍ റിസോര്‍ട്ട് അധികൃതരും മികച്ച പിന്തുണയാണ് ക്ലീന്‍ കുമളി ഗ്രീന്‍ കുമളി സൊസൈറ്റിക്ക് നല്‍കുന്നത്.അഞ്ചിന് കണ്ണൂര്‍ മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജയില്‍ നിന്നു പഞ്ചായത്ത് അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
Next Story

RELATED STORIES

Share it