മലിനീകരണം: ദല്‍ഹിയില്‍ വാഹനനിയന്ത്രണം തുടങ്ങി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി ഡല്‍ഹിയില്‍ നടപ്പാക്കിയ വാഹനനിയന്ത്രണത്തിന് ഇന്നലെ തുടക്കമായി. ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പരുകളുള്ള വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ അനുമതിയുള്ള ദിവസമായിരുന്നു ഇന്നലെ. ഇന്ന് ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങൂ. വനിതകള്‍ ഒറ്റയ്ക്ക് ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഗ്യാസ് വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, വിഐപി വാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവു നല്‍കിയിട്ടുണ്ട്. ഈ മാസം പതിനഞ്ചു വരെയാണ് വാഹനനിയന്ത്രണം. നിയന്ത്രണം വിജയകരമായിരുന്നുവെന്നാണ് മുഖ്യമന്ത്രി കെജ്‌രിവാള്‍ പ്രതികരിച്ചത്. വെറുതെ കിനാവു കാണുന്നു എന്ന് അധിക്ഷേപിച്ചവര്‍ ഒരുനാള്‍ തന്നോടു ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഈ വാഹനനിയന്ത്രണം സ്ഥിരമായി നടപ്പാക്കാനാവില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ജനുവരി പതിനഞ്ചിനു ശേഷം വാഹനനിയന്ത്രണ സംവിധാനം പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍, ഗതാഗതമന്ത്രി ഗോപാല്‍ റായ്, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ എന്നിവരോടും രണ്ടു സെക്രട്ടറിമാരോടും ഒപ്പം ഒരു വാഹനത്തിലാണ് (കാര്‍ പൂളിങ് സംവിധാനം) ഇന്നലെ യാത്രചെയ്തത്. മറ്റു മന്ത്രിമാര്‍ ഇ-റിക്ഷ, ബൈക്ക്, ബസ് തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ സ്വീകരിച്ചു.
വാഹനനിയന്ത്രണം നടപ്പാക്കാന്‍ പതിനായിരത്തിലധികം സന്നദ്ധസേവകരെയാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ അണിനിരത്തിയത്. നിയന്ത്രണം ലംഘിച്ചവര്‍ക്ക് റോസ് പുഷ്പങ്ങള്‍ കൈമാറിയ ശേഷം ബോധവല്‍ക്കരിക്കുകയായിരുന്നു എന്‍സിസി കാഡറ്റുകള്‍ ഉള്‍പ്പടെയുള്ള വോളന്റിയര്‍മാരുടെ ചുമതല.
നിയന്ത്രണം ലംഘിച്ച് ഇരട്ടസംഖ്യയില്‍ അവസാനിക്കുന്ന നമ്പരുള്ള വാഹനവുമായി റോഡിലിറങ്ങിയ ബിജെപി എംപി സത്യപാല്‍ സിങിനെ പോലിസ് ഇന്ത്യാ ഗേറ്റില്‍ തടഞ്ഞു. ഇദ്ദേഹത്തില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. നിയന്ത്രണം ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപയാണ് പിഴ ഈടാക്കിയത്. ഇന്നലെ രാവിലെ എട്ടരയോടെ ഡല്‍ഹി ഐടിഒ ജങ്ഷനിലായിരുന്നു, നിയന്ത്രണം ലംഘിച്ച് വാഹനം ഓടിച്ച ആളില്‍ നിന്നുള്ള പിഴ ആദ്യമായി ഈടാക്കിയത്. വീട്ടില്‍നിന്ന് ഓഫിസിലേക്കു പോവാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ഇരട്ടസംഖ്യയില്‍ അവസാനിക്കുന്ന നമ്പരുള്ള കാറുമായി പുറത്തിറങ്ങിയതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ന്യായം.
ഡല്‍ഹി മെട്രോ 70 സര്‍വീസുകള്‍ അധികമായി നടത്തി. ബസ്സുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ഉള്‍പ്പെടെ ഡല്‍ഹിയിലെ പൊതുഗതാഗതത്തിനുള്ള മുഴുവന്‍ വാഹനങ്ങളും മലിനീകരണമില്ലാത്ത പ്രകൃതിവാതകത്തിലാണ് ഓടുന്നത്. പെട്രോള്‍, ഡീസല്‍ വാഹനനിയന്ത്രണം നടപ്പാക്കുന്നതിനായി പൊതുഗതാഗത സൗകര്യം കൂട്ടിയിരുന്നു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 4500 ബസ്സുകള്‍ക്കു പുറമേ 1500 ക്ലസ്റ്റര്‍ ബസ്സുകളും വാടകയ്‌ക്കെടുത്ത 4000 ബസ്സുകളും സര്‍വീസിനു തയ്യാറായി. ഇതിനു പുറമേ 82,000 ഓട്ടോറിക്ഷകളും 79,600 ടാക്‌സികളും തലസ്ഥാന നഗരിയിലുണ്ട്. ഡല്‍ഹി മെട്രോയുടെ 220 ട്രെയിനുകളിലെ 1240 കോച്ചുകളിലായി 26 ലക്ഷം പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്.
ഭിന്നശേഷിക്കാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സ്, പോലിസ്, ജയില്‍ വാഹനങ്ങള്‍ക്കും ഇളവുണ്ട്.
Next Story

RELATED STORIES

Share it