മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവ് വേഗം നടപ്പാക്കി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാളെ റിപോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ 75 വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാവുമെന്ന സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്, ജസ്റ്റിസ് അമിതവ് റോയ് എന്നിവര്‍ അംഗങ്ങളായ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് അംഗീകരിച്ചില്ല.
നാളേക്കു മുമ്പായി സ്‌കൂള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ അതിനു മുമ്പ് സുപ്രിംകോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങി സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ സ്‌കൂള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ല. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പ്രത്യേക അപേക്ഷയിന്‍മേലാണ് ഇന്നലെ ഹരജി പരിഗണിച്ചത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നത് തങ്ങളായതിനാല്‍ സ്‌കൂള്‍ പൂട്ടരുതെന്ന് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ ഒരു വാദവും കോടതി അംഗീകരിച്ചതേയില്ല. 2015 ഒക്‌ടോബറിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ശേഷം ഇത്രയും സമയം സര്‍ക്കാരിന് കിട്ടി. എന്നിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എന്തുകൊണ്ടു കാലതാമസമെടുത്തുവെന്ന് ബെഞ്ച് ചോദിച്ചു.
Next Story

RELATED STORIES

Share it