മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനാവാതെ വീണ്ടും എഇഒ മടങ്ങി; ജനകീയ സമരം ശക്തമാക്കി

കോഴിക്കോട്: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനെത്തിയ എഇഒ കുസുമത്തെയും സംഘത്തെയും ജനകീയ സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ഉത്തരവ് നടപ്പാക്കാനാവാതെ ഇന്നലെയും മടങ്ങി.
രാവിലെ 10.30ഓടെയാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായി എഇഒ കെ എസ് കുസുമം സ്‌കൂളിലെത്തിയത്. എന്നാല്‍, പത്ത് മണിക്കുതന്നെ സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകരും സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂളിലേക്ക് പ്രവേശിക്കുന്ന രണ്ട് കവാടങ്ങളും സമരസമിതി വളഞ്ഞിരുന്നു. വന്‍ പോലിസ് സംഘം സ്ഥലത്തുണ്ടായിട്ടും എഇഒയ്ക്ക് സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സമരക്കാര്‍ എഇഒക്കെതിരെയും പോലിസിനെതിരെയും മുദ്രാവാക്യം മുഴക്കി. കോടതി ഉത്തരവുണ്ടെങ്കിലും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നാണ് സമരസമിതി പറയുന്നത്. പോലിസ് സുഖമമായ വഴി ഒരുക്കിയാല്‍ സ്‌കൂള്‍ ഇപ്പോള്‍ തന്നെ അടച്ചുപൂട്ടുമെന്ന് എഇഒ ആദ്യം പറഞ്ഞിരുന്നെങ്കിലും സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് അരമണിക്കൂറോളം സ്‌കൂളിനു സമീപം നിന്ന എഇഒ അതിനുശേഷം മടങ്ങുകയായിരുന്നു.
ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ചതിനുശേഷം അവശ്യ നടപടികള്‍ കൈകൊള്ളുമെന്നും സ്‌കൂള്‍ പൂട്ടാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കുമെന്നും കെ എസ് കുസുമം അറിയിച്ചു. ചേവായൂര്‍ എസ്‌ഐ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ നൂറോളം പോലിസ് സംഘമാണ് സമരസമിതിയെ പ്രതിരോധിക്കാന്‍ സ്ഥലത്തെത്തിയത്.
70 കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്താനുള്ള അധികാരം നഗരസഭയ്ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം. ഇതിനുമുമ്പും മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനായി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ എത്തിയിരുന്നു. എന്നാല്‍, സ്‌കൂള്‍ സംരക്ഷണ സമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് സ്‌കൂള്‍ പൂട്ടാനായില്ല. അന്ന് സ്‌കൂളിന്റെ താക്കോല്‍ സ്‌കൂള്‍ സംരക്ഷണസമിതി ഏറ്റെടുക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും.
Next Story

RELATED STORIES

Share it