മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് 27 നകം നടപ്പാക്കണം; കൂടുതല്‍ സമയം അനുവദിക്കാനാവില്ല

കൊച്ചി: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് 27നകം പോലിസ് സഹായത്തോടെ നടപ്പാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുമതിതേടി മാനേജര്‍ പി കെ പത്മരാജന്‍ നല്‍കിയ ഹരജിയില്‍ ജനുവരിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം നിയമപരമായി അനുമതി തേടിയാല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കാമെന്നു വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. മാര്‍ച്ച് 31നകം സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശമാണു കോടതി എഇഒക്ക് നല്‍കിയത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സ്‌കൂള്‍ പൂട്ടാന്‍ വന്ന എഇഒയെ ഉത്തരവു നടപ്പാക്കാന്‍ അനുവദിച്ചില്ലെന്നു കാണിച്ച് മാനേജര്‍ നല്‍കിയ ഹരജിയിലാണു കോടതി നിര്‍ദേശം. പോലിസ് സംരക്ഷണം ഉറപ്പാക്കിയ ശേഷം സ്‌കൂള്‍ അടച്ചുപൂട്ടാനായി എഇഒ തിങ്കളാഴ്ച സ്‌കൂളിലെത്തിയെങ്കിലും സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേസ് ഇന്നലെ വീണ്ടും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ മുമ്പാകെ പരിഗണനയ്‌ക്കെത്തുകയായിരുന്നു.
ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണു കോടതി ഉത്തരവ് നടപ്പാക്കാനാവാത്തതെന്നും സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതുവരെ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഉത്തരവു നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി 27നകം ഉത്തരവു നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കിയ ശേഷം ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it