malappuram local

മലയോര മേഖലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു

കാളികാവ്: വേനല്‍ മഴയുടെ ആരംഭത്തോടെ മലയോര മേഖലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തി. കാളികാവ് സിഎച്ച്‌സിയില്‍ അഞ്ചുപേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. രോഗം ഗുരുതരമായവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പുല്ലങ്കോട് സ്രാമ്പിക്കല്ല് ഭാഗത്താണു മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നിട്ടുള്ളത്. കേരള എസ്‌റ്റേറ്റ് പാന്തറ ഭാഗത്താണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഡെപ്യുട്ടി ഡിഎംഒ ശിബുലാലിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയും രോഗം ബാധിച്ച പ്രദേശങ്ങളും സന്ദര്‍ശിച്ചു.
തുടര്‍ച്ചയായി വേനല്‍മഴ ലഭിച്ച പ്രദേശത്താണ് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. റബര്‍, കൊക്കൊ തോട്ടങ്ങളോട് ചേര്‍ന്നുള്ള കുടുംബങ്ങളിലാണ് രോഗം കൂടുതലായും കണ്ടെത്തിയത്. മഴ കാരണം കൊതുകുകള്‍ പെറ്റുപെരുകിയതാണ് കാരണമെന്നാണു നിഗമനം. കഴിഞ്ഞ വര്‍ഷവും ഇതേ മേഖലയില്‍ നാനൂറോളം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ കണക്കാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളിലും ഒട്ടേറെപ്പേര്‍ ചികില്‍സ തേടിയിട്ടുണ്ടെന്നാണ് വിവരം. രോഗബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പധികൃതര്‍ കര്‍ശന ജാഗ്രദാ നിര്‍ദേശം നല്‍കി. കൊതുകിന്റെ കടിയേല്‍ക്കാത്ത തരത്തില്‍ കൊതുക വല ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാളികാവ് സിഎച്ച്‌സിയില്‍ ഡെങ്കിപ്പനി ബാധിച്ചവരെയും മറ്റു രോഗികളെയും ഒരേ വാര്‍ഡിലാണു കിടത്തിയിട്ടുള്ളത്. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയാക്കുമെന്ന് ആശങ്കയുണ്ട്. മരുന്നും മറ്റു രക്ത പരിശോധനയും സിഎച്ച്‌സിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it