മലയോര മനസ്സ് ഉഴുതുമറിക്കാനുറച്ച് ആനി രാജയുടെ സഹോദരന്‍

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: കേട്ടുമടുത്ത വാഗ്ദാനങ്ങള്‍ മാത്രമല്ല, ഇരിക്കൂറിന്റെ പ്രശ്‌നം. കണ്ടുമടുത്ത സ്ഥാനാര്‍ഥിയും കൂടിയാണ്. പതിറ്റാണ്ടുകളായി വലതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന മലയോര മനസ്സ് ഇക്കുറി ഉഴുതുമറിക്കാമെന്ന ഉത്തമവിശ്വാസത്തിലാണ് സിപിഐ സ്ഥാനാര്‍ഥി കെ ടി ജോസ്. സിപിഐയുടെ ദേശീയതലത്തിലുള്ള വനിതാ മുഖങ്ങളില്‍ പ്രധാനിയായ ആനി രാജയുടെ സഹോദരനായ കെ ടി ജോസിന് കര്‍ഷകര്‍ക്കിടയിലെ ജനസമ്മതി വോട്ടാക്കി മാറ്റാനാവുമെന്നു തന്നെയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍. പ്രത്യേകിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായി എട്ടാമതും കെ സി ജോസഫ് മല്‍സരിക്കുന്നതിനെതിരേ പാളയത്തില്‍ പടയുയര്‍ന്ന പശ്ചാത്തലത്തില്‍.
ഒരര്‍ഥത്തില്‍ രണ്ടു സ്ഥാനാര്‍ഥികളും മലയോരത്തേക്കു കുടിയേറിയവരാണ്. എന്നാല്‍, കെ സി ജോസഫിനെ പോലെ തിരഞ്ഞെടുപ്പിനു കുടിയേറിയതല്ലെന്നതാണു കെ ടി ജോസിന്റെ വ്യത്യാസം. കോട്ടയം ജില്ലയിലെ മണിമല പ്രദേശത്ത് നിന്ന് 60 വര്‍ഷം മുമ്പ് മലബാറിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ജോസിന്റെ കുടുംബം. കീഴ്പ്പള്ളി മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ തോമസിന്റെയും മറിയാമ്മയുടെയും മകനാണ് ജോസ്. അങ്കണവാടി അധ്യാപിക ബ്രജീത്താമ്മയാണു ഭാര്യ.
കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനിച്ച കെ ടി ജോസ് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് എഐഎസ്എഫുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തിലേക്കു ചുവടുവച്ചത്. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ കണ്ണൂര്‍ ജില്ലാ അസി. സെക്രട്ടറി, എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മറ്റിയംഗം, എഐടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളിലെ പ്രവര്‍ത്തനമാണ് 50കാരനായ ജോസിന്റെ കരുത്ത്.
21ാം വയസ്സില്‍ ആറളം പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോസ് 12 വര്‍ഷം പഞ്ചായത്തംഗമായിരുന്നു. കസ്തൂരിരംഗന്‍ വിഷയത്തില്‍ മലയോരകര്‍ഷകര്‍ക്കൊപ്പം നിന്ന കെ ടി ജോസിനെ കര്‍ഷകര്‍ കൈവെടിയില്ലെന്നു തന്നെയാണ് ഇടതു ക്യാംപിന്റെ വിശ്വാസം.
Next Story

RELATED STORIES

Share it