kannur local

മലയോരത്ത് വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു

കണ്ണൂര്‍: വിളകള്‍ക്ക് വിലത്തകര്‍ച്ച നേരിട്ടതോടെ തകര്‍ച്ചയിലായ മലയോര കര്‍ഷകരെ ലക്ഷ്യമിട്ട് ബ്ലേഡ് മാഫിയ സംഘം വീണ്ടും രംഗത്ത്. അമിത പലിശ ഈടാക്കുന്ന സംഘത്തെ കണ്ടെത്തി തടയാന്‍ ആഭ്യന്തര വകുപ്പ് നടത്തിയ ഓപറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം പേരിലൊതുങ്ങിയതോടെയാണ് വീണ്ടും ബ്ലേഡ് സംഘങ്ങള്‍ തലപൊക്കുന്നത്. പോലിസ് നടപടികളെ തുടര്‍ന്ന് നിലച്ചുപോയ സംഘങ്ങള്‍ ഇപ്പോള്‍ പല പേരുകളിലായാണ് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുള്ളത്.
തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും അമിത പലിശയ്ക്കു പണം നല്‍കി ഇടപാട് നടത്തുന്നുണ്ട്. നേരത്തേ ഓപറേഷന്‍ കൂബേരയില്‍ പലയിടത്തും റെയ്ഡ് നടത്തിയപ്പോള്‍ താല്‍ക്കാലികമായി സ്ഥലം വിട്ടവരെല്ലാം ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. പോലിസിനും രഹസ്യാന്വേഷണ വിഭാഗത്തിനും ഇക്കാര്യം അറിയാമെങ്കിലും കാര്യക്ഷമമായ നടപടികളൊന്നുമെടുക്കാറില്ല.
റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെ വിലയിടിവും സാമ്പത്തിക പ്രതിസന്ധിയും മൂലം ഉഴലുന്ന കര്‍ഷകരെയാണ് ഇത്തരക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെയും ഗള്‍ഫിലെ പ്രതിസന്ധിയുമെല്ലാം ഇത്തരക്കാര്‍ ചൂഷണം ചെയ്യുകയാണ്. റബര്‍ വിലയിടിവ് കാരണം മലയോരത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയും വ്യാപാരവുമെല്ലാം മാന്ദ്യം അനുഭവപ്പെടുകയാണ്.
തളിപ്പറമ്പ്, ആലക്കോട്, ഇരിട്ടി, ഉളിക്കല്‍, എടൂര്‍, പടിയൂര്‍, മാടത്തില്‍, കീഴൂര്‍, പൊന്നാട്, കാക്കയങ്ങാട്, പയ്യന്നൂര്‍ മേഖലകളില്‍ ബ്ലേഡ് സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. ഓപറേഷന്‍ കുബേര പ്രകാരം സംഘത്തെ കുറിച്ച് വിവരം നല്‍കിയവര്‍ ഇപ്പോള്‍ മൗനംപാലിക്കുകയാണ്. സംഘത്തിന്റെ ഭീഷണി ചെറുക്കാനാവാത്തതാണു കാരണം. പോലിസിലെ ഒരു വിഭാഗം ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ജനകീയ ഇടപെടലിനു തടസ്സമാവുന്നത്. ഓപറേഷന്‍ കുബേര ഒന്നാംഘട്ടത്തില്‍ പിടികൂടിയവരില്‍ പലരും പുറത്തിറങ്ങിയത് ഭീഷണിയുയര്‍ത്തുന്നുണ്ട്.
മണി ലെന്‍ഡിങ് ആക്ടിലെ 17, 18 വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതാണു ഇവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ കാരണം. ലൈസന്‍സില്ലാതെ അനധികൃത പണമിടപാട് നടത്തിയ നിസാര വകുപ്പുകളിലാണ് ഭൂരിഭാഗവും അറസ്റ്റലായത്. ഇതിനുപുറമെ, രാഷ്ട്രീയ സമ്മര്‍ദ്ദം കൂടിയായപ്പോള്‍ പോലിസ് റെയ്ഡ് പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
35 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കിയാണ് പല സംഘങ്ങളും വായ്പ നല്‍കുന്നത്. ഇത്തരത്തില്‍ പണമിടപാട് നടത്തുന്നവരില്‍ പലരും പലിശയും കൂട്ടുപലിശയും നല്‍കിയിട്ടും മുതല്‍ തിരിച്ചടയ്ക്കാനാവാതെ കുടുങ്ങുകയാണ്. അതേസമയം, ഇത്തരത്തിലുള്ള ബ്ലേഡ് കേന്ദ്രങ്ങള്‍ ഒരു ലക്ഷം രൂപയ്ക്ക് 3000 മുതല്‍ 5000 വരെയാണ് പ്രതിദിനം ഈടാക്കുന്നത്. വായ്പ വാങ്ങുന്നവരോട് ഈടായി ഭൂമിയുടെ ആധാരമോ വാഹനങ്ങളുടെ ആര്‍സി പുക്കോ സംഘം കൈക്കലാക്കും. വാഹനം വിറ്റതായി രേഖയുണ്ടാക്കിയ ശേഷമാണ് തുക നല്‍കുക. നിശ്ചിത സമയത്തിനകം മുതലും പലിശയും തിരിച്ചടച്ചില്ലെങ്കില്‍ ഈടുവച്ച വാഹനം സംഘത്തിന്റേതായി മാറും.
വീട്ടമ്മമാര്‍ പോലും ഇത്തരക്കാരുടെ കെണിയില്‍ പെടുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അംഗീകാരമില്ലാതെ പല പേരുകളില്‍ ചിട്ടി സ്ഥാപനങ്ങളുടെ മറവിലാണ് ഇത്തരം ഇടപാടുകളേറെയും നടത്തുന്നത്. ബ്ലേഡ് മാഫിയയില്‍ നിന്നു രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ഋണമുക്തി' വായ്പാ പദ്ധതി താളം തെറ്റിയതും തിരിച്ചടിയാണ്.
Next Story

RELATED STORIES

Share it