kasaragod local

മലയോരത്തും ജില്ലയുടെ തെക്കന്‍ മേഖലയിലും ആധിപത്യമുറപ്പിക്കാന്‍ എല്‍ഡിഎഫ്; നിലനിര്‍ത്താന്‍ യുഡിഎഫ്

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയോര, തീരദേശ തെക്കന്‍ മേഖലയില്‍ ശക്തമായ പോരാട്ടം. എല്‍ഡിഎഫിന് മേല്‍കോയ്മയുള്ള തെക്കന്‍ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനും മലയോര മേഖലയില്‍ പുതിയ പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനുമാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ എക്കാലത്തേയും കോട്ടകള്‍ കാത്തുസൂക്ഷിക്കാന്‍ യുഡിഎഫും കരുതലോടെ മുന്നോട്ടുണ്ട്.
തീരദേശ മേഖലയായ അജാനൂര്‍ പഞ്ചായത്തിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. നിലവില്‍ യുഡിഎഫാണ് ഭരിക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. 23 വാര്‍ഡുകളുണ്ട്. നിലവില്‍ ലീഗ് അഞ്ച്, കോണ്‍ഗ്രസ് നാല്, ഐഎന്‍എല്‍രണ്ട്, സിപിഎം എട്ട്, സിപിഐ ഒന്ന്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷിനില. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് യുഡിഎഫ് വോട്ട് തേടുന്നത്. എന്നാല്‍ ഭരണ പരാജയം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
മടിക്കൈ: സിപിഎമ്മിന്റെ ഉരുക്കുകോട്ട. നിലവില്‍ സിപിഎമ്മിന് 13, സിപിഐ ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഈ തിരഞ്ഞെടുപ്പിലും ഭരണതുടര്‍ച്ചയുണ്ടാകുമെന്നാണ് ഇടതുമുന്നണിപ്രതീക്ഷിക്കുന്നത്.
പുല്ലൂര്‍ പെരിയ: കഴിഞ്ഞ തവണ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നേടിയ പഞ്ചായത്ത്. തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് യുഡിഎഫും അവകാശപ്പെടുന്നു.
കോടോം ബേളൂര്‍: ഇടതുമുന്നണി മാത്രമാണ് ഇതുവരെ പഞ്ചായത്ത് ഭരിച്ചത്. 19 സീറ്റില്‍ എല്‍ഡിഎഫിന് 12 സീറ്റും കോണ്‍ഗ്രസിന് അഞ്ചും ബിജെപി രണ്ട് എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷിനില. 15 സീറ്റുവരെ നേടുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. നില മെച്ചപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ്, ബിജെപി കക്ഷികളുടെ അവകാശവാദം.
പനത്തടി : കള്ളാര്‍ പനത്തടി പഞ്ചായത്ത് വിഭജനത്തിന് ശേഷം നിലവില്‍ വന്ന പനത്തടി കഴിഞ്ഞ തവണ മാത്രമാണ് എല്‍ഡിഎഫിന് നഷ്ടമായത്. മറാഠി പ്രശ്‌നത്തെ തുടര്‍ന്ന് രംഗപ്രവേശനം ചെയ്ത സ്വതന്ത്രസ്ഥാനാര്‍ഥികളോടായിരുന്നു സിപിഎമ്മിന്റെ പരാജയം. 15 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ആറ്, സ്വതന്ത്രര്‍ ആറ്, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. മറാഠിപ്രശ്‌നം പരിഹരിക്കപ്പെട്ടതിനാല്‍ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
കള്ളാര്‍: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം. ആകെയുള്ള പതിനാലില്‍ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന്. ബിജെപിക്ക് ഒരു സീറ്റുണ്ട്.12 സീറ്റിലും കോ ണ്‍ഗ്രസാണ് ജയിച്ചത്. മാണി കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഇക്കുറിയുള്ള പ്രത്യേകത.
എന്നാല്‍ ഇത് യുഡിഎഫിനെ ബാധിക്കില്ലെന്നാണ് കോ ണ്‍ഗ്രസിന്റെ അവകാശവാദം. കേരള കോണ്‍ഗ്രസ്, എല്‍ഡിഎഫ് ഉള്‍പ്പെടുന്ന ജനപക്ഷമുന്നണി ഏഴുവരെ സീറ്റുകള്‍ നേടുമെന്നും അവകാശപ്പെടുന്നുണ്ട്.
ചെമ്മനാട്: ലീഗിന്റെ ശക്തികേന്ദ്രം. കഴിഞ്ഞ തവണ ലീഗ് ഒമ്പത്, കോണ്‍ഗ്രസ് അഞ്ച്, സിപിഎം രണ്ട്, സിപിഐ
ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് 23 അംഗ ഭരണസമിതിയിലെ നില. യുഡിഎഫിന്റെ നില ഇക്കുറിയും ഭദ്രമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ഉദുമ: കാലങ്ങളായി സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത്. 21 സീറ്റില്‍ സിപിഎം 12, ഐഎന്‍എല്‍ രണ്ട്, സ്വതന്ത്രന്‍ ഒന്ന്, കോണ്‍ഗ്രസ് നാല്, മുസ്‌ലിം ലീഗ് മൂന്ന് എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷിനില. ഭരണം പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാല്‍ ഇക്കുറി കൂടുതല്‍ സീറ്റ് നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. ബിജെപിയും ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.
പള്ളിക്കര: സിപിഎം 13, സിപിഐ മൂന്ന്, സ്വതന്ത്രന്‍ ഒന്ന്, മുസ്‌ലിം ലീഗ് അഞ്ച് എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷിനില. ഐഎന്‍എല്ലിനും ചില പോക്കറ്റുണ്ട്. എല്‍ഡിഎഫ് 14 സീറ്റിലും ഐഎന്‍എല്‍ എട്ടിടത്തും മല്‍സരിക്കുന്നു. കഴിഞ്ഞ തവണ ഐഎന്‍എല്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ഇവിടെ മല്‍സരിച്ചത്. മറുപക്ഷത്ത് കോണ്‍ഗ്രസ് 10, ലീഗ് 10 സീറ്റുകളില്‍ വീതമാണ് മല്‍സരിക്കുന്നത്.
കിനാനൂര്‍ കരിന്തളം: പതിറ്റാണ്ടുകളായി എല്‍ഡിഎഫ് ഭരണം.ആകെയുള്ള പതിനേഴില്‍ പത്തിടത്ത് സിപിഎം പ്രതിനിധികള്‍. യുഡിഎഫിന് ഏഴ് അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഉറപ്പായ സീറ്റുകളില്‍ ചിലത് നഷ്ടമായിരുന്നു. ഇക്കുറിഭരണം പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫിന്റെ അവകാശവാം.എല്ലാ കാലത്തും രണ്ട് സീറ്റുകളില്‍ മല്‍സരിക്കാറുള്ള മുസ്‌ലിം ലീഗ് ഇക്കുറി മല്‍സരിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തില്ലാതിരുന്ന ബിജെപി ഇക്കുറി ആറിടത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
കയ്യൂര്‍ ചീമേനി: എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണസമിതിയില്‍ എതിരാളികളുണ്ടാകാറില്ല. അപൂര്‍വം ചില വാര്‍ഡുകളില്‍ നല്ല മല്‍സരം നടക്കാറുണ്ടെങ്കിലും ഇതുവരെ വിജയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.ആകെയുള്ള പതിനാറ് വാര്‍ഡുകളില്‍ സിപിഐയ്ക്ക് ഒന്നൊഴിച്ചാല്‍ ബാക്കി സിപിഎം പ്രതിനിധികള്‍. ഇക്കുറി ശക്തി തെളിയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
വെസ്റ്റ് എളേരി: കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്ത്. ഇക്കുറി കടുത്ത മല്‍സരം നടക്കുന്ന പഞ്ചായത്തുകളിലൊന്ന്. എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികള്‍ ഒപ്പത്തിനൊപ്പമെത്തുന്നതാണ് ചരിത്രം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏഴ്, മുസ്‌ലിം ലീഗ് ഒന്ന്, കേരള കോണ്‍ഗ്രസ് എം ഒന്ന്, സ്വതന്ത്രന്‍ ഒന്ന്, സിപിഎം ഏഴ്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ഈസ്റ്റ് എളേരി: പഞ്ചായത്ത് പ്രസിഡന്റിനെ അച്ചടക്കനടപടിയുടെ പേരില്‍ ആറുവര്‍ഷത്തേക്ക് കെപിസിസി അധ്യക്ഷന്‍ പുറത്താക്കിയതിനെ തുടര്‍ന്ന് സംസ്ഥാന ശ്രദ്ധനേടിയ പഞ്ചായത്ത്. പ്രസിഡന്റ് ജയിംസ് പന്തമാക്കലിന് പിന്തുണയുമായി യുഡിഎഫിലെ 13 അംഗങ്ങളില്‍ 10 പേരാണുള്ളത്. വികസന മുന്നണി രൂപീകരിച്ച് മല്‍സരരംഗത്തിറങ്ങിയ പന്തമാക്കലുമായി ശക്തമായ പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് എതിരാളികളില്ലാത്ത പഞ്ചായത്തില്‍ ചുരുക്കം വാര്‍ഡുകളില്‍ മാത്രം ശക്തിയുള്ള എല്‍ഡിഎഫ് വികസന മുന്നണിയെ പിന്തുണയ്ക്കുകയാണ്. ഇതുവഴിയുള്ള ധാരണപ്രകാരം മൂന്നോ നാലോ വാര്‍ഡുകള്‍ പിടിച്ചെടുക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അതേ സമയം വികസനമുന്നണി വെല്ലുവിളിയല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
ബളാല്‍: മലയോരമേഖലയി ലെ കോണ്‍ഗ്രസിന്റെ കോട്ട. ആകെയുള്ള 16 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ഒമ്പത് , ലീഗ് ഒന്ന്, കേരള കോണ്‍ഗ്രസ് രണ്ട്, സിപിഎം മൂന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് ഇടഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും ഭരണത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ചെറുവത്തൂര്‍: ഒരുതവണ മാത്രമാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ആകെയുള്ള 17 വാര്‍ഡുകളില്‍ സിപിഎമ്മിന് 14, കോണ്‍ഗ്രസ് ഒന്ന്, ലീഗ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഭരണം നിലനിര്‍ത്താന്‍ പ്രയാസപ്പെടേണ്ടിവരില്ലെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അതേ സമയം മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ലീഗ്, കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസും ലീഗും വെവ്വേറെയാണ് മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ ഒറ്റക്കെട്ടായാണ് മല്‍സരരംഗത്തുള്ളത്.
പിലിക്കോട്: എല്‍ഡിഎഫിന് ഭരണസമിതിയില്‍ എതിരാളികളില്ലാത്ത പഞ്ചായത്ത്. മുന്‍കാലങ്ങളില്‍ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇക്കുറി രണ്ട് വാര്‍ഡുകളില്‍ യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നു. ബിജെപിയും മല്‍സരരംഗത്തുണ്ട്. ഇത്തവണയും പ്രതിപക്ഷമുണ്ടാകില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
പടന്ന: ഏറ്റവും ശക്തമായ മല്‍സരം നടക്കുന്ന പഞ്ചായത്തുകളിലൊന്ന്. പുതുതായി ഉണ്ടാക്കിയ വാര്‍ഡ് യുഡിഎഫിന് അനുകൂലമാണെന്ന് എല്‍ഡിഎഫിന്റെ ആരോപണം. പടന്ന വില്ലേജ് യുഡിഎഫിനും ഉദിനൂര്‍ വില്ലേജ് സിപിഎമ്മിനും മേല്‍ക്കൈയുള്ളതാണ്.
നേരത്തെ എല്‍ഡിഎഫിന് ലഭിച്ചിരുന്ന ഒന്നാം വാര്‍ഡിലെ വലിയൊരു ഭാഗം നീലേശ്വരം നഗരസഭയിലേക്ക് ചേര്‍ത്തതിനെ തുടര്‍ന്നാണ് പുനക്രമീകരണമുണ്ടായത്. രണ്ട് വാര്‍ഡുകള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. നിലവില്‍ സിപിഎം എട്ട്, ലീഗ് അഞ്ച്, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഭരണം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
തൃക്കരിപ്പൂര്‍: യുഡിഎഫിന് ഏറെ മേല്‍ക്കൈയുള്ള പഞ്ചായത്ത്. 21 വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ് 10, കോണ്‍ഗ്രസ് നാല്, സോഷ്യലിസ്റ്റ് ജനത രണ്ട്, സിപിഎം അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. മേല്‍ക്കൈ നിലനിര്‍ത്താമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
വലിയപറമ്പ്: കൂറുമാറ്റത്തിനും അവിശ്വാസത്തിനും പേരെടുത്ത ഭരണസമിതിയില്‍ ഒരു അംഗം അയോഗ്യയാക്കപ്പെടുകയും മറ്റൊരാള്‍ രാജിവയ്ക്കുകയും ചെയ്തു .
ഭരണം പകുതിവഴിയില്‍ വച്ച് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല്, ലീഗ് മൂന്ന്, സിപിഎം ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. കടുത്ത മല്‍സരമാണ് മിക്ക വാര്‍ഡുകളിലും നടക്കുന്നത്. എന്നാല്‍ ഇപ്രാവശ്യം ഭരണം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it