മലയാള സിനിമയ്ക്ക് ബ്ലേഡ് മാഫിയകളുടെ പൂട്ട്; റിലീസ് ചെയ്യാനാവാതെ 40ലധികം ചിത്രങ്ങള്‍

കൊച്ചി: മലയാള സിനിമാലോകം ബ്ലേഡ് മാഫിയയുടെ പിടിയില്‍. ബ്ലേഡില്‍ നിന്ന് അമിതപലിശയ്ക്കു വാങ്ങിയ പണം തിരികെ നല്‍കാനാവാത്തതിനാല്‍ 40ലധികം ചിത്രങ്ങളാണ് റിലീസ് ചെയ്യാനാവാതെ മുടങ്ങിക്കിടക്കുന്നത്.
കൊള്ളപ്പലിശക്കാരെ പിടികൂടാന്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകാരം സംസ്ഥാനത്തൊട്ടാകെ ഓപറേഷന്‍ കുബേര എന്നപേരില്‍ റെയ്ഡുകള്‍ നടത്തിയെങ്കിലും കേരളത്തില്‍ തന്നെയുള്ള വന്‍ ബ്ലേഡ് മാഫിയ സംഘങ്ങള്‍ വലയ്ക്കു പുറത്ത് യഥേഷ്ടം വിലസുന്നുവെന്നാണ് മലയാള സിനിമയിലെ അവസ്ഥയില്‍ നിന്നു വ്യക്തമാവുന്നത്. അവരുടെ രാവുകള്‍ എന്ന പേരില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവ് അജയ് കൃഷ്ണന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതും സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നാണ് വിവരം.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിയുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പല നിര്‍മാതാക്കളും പെട്ടെന്ന് പണം കണ്ടെത്താ ന്‍ ഇപ്പോഴും ബ്ലേഡ് മാഫിയയെയാണു സമീപിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന നിര്‍മാതാക്കളില്‍ നിന്ന് ബ്ലേഡ് മാഫിയ കൊള്ളപ്പലിശ വാങ്ങുന്നു. ഒരു ലക്ഷത്തിന് ദിവസം ആയിരം രൂപയാണ് പലിശ. ഒരു ദിവസം ചിത്രീകരണം മുടങ്ങിയാല്‍ ഏകദേശം മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപവരെ നിര്‍മാതാക്കള്‍ക്കു നഷ്ടം സംഭവിക്കും. ഈ നഷ്ടം ഒഴിവാക്കാന്‍ മറ്റു നിവൃത്തിയില്ലാതെ വരുമ്പോള്‍ ഇവര്‍ ബ്ലേഡ് മാഫിയകളെ സമീപിക്കുന്നു. അവസരം മുതലെടുത്ത് ഇത്തരം മാഫിയകള്‍ കൊള്ളപ്പലിശയാണ് ഇവരില്‍ നിന്ന് ഈടാക്കുന്നത്. തുക രേഖപ്പെടുത്താത്ത ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ വാങ്ങുന്നതിനൊപ്പം ചിത്രത്തിന്റെ അവകാശം തന്നെ പണയപ്പെടുത്തിയാല്‍ മാത്രമെ ഇവര്‍ പണം നല്‍കുകയുള്ളൂ.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്യണമെങ്കില്‍ ബ്ലേഡ് മാഫിയയുടെ മുഴുവന്‍ പണമിടപാടും തീര്‍ക്കണം. കരാര്‍ അനുസരിച്ചുള്ള മുഴുവന്‍ പണവും നല്‍കിയില്ലെങ്കില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ല. ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയ്യാറല്ല. ഏതെങ്കിലും കാരണവശാല്‍ റിലീസിനു മുമ്പ് ഇവരുടെ ഇടപാടു തീര്‍ക്കാന്‍ കഴിയാതെവന്നാല്‍ സിനിമയുടെ വിതരണ അവകാശമോ സാറ്റലൈറ്റ് അവകാശമോ ഇവര്‍ക്കു നല്‍കണം. ഇതിന് നിര്‍മാതാക്കള്‍ തയ്യാറാ—ണെങ്കില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയും. ഇല്ലെങ്കില്‍ പണവും അതുവരെയുള്ള പലിശയും നല്‍കുന്നതുവരെ ചിത്രം പെട്ടിയില്‍ ഇരിക്കും.
കോടികള്‍ മുടക്കി നിര്‍മിച്ച നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ റിലീസ് ചെയ്യാനാവാതെ കിടക്കുകയാണ്. പല നിര്‍മാതാക്കളും അപമാനം ഭയന്ന് ഇക്കാര്യം പുറത്തുപറയാറില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ ഇവര്‍ ആത്മഹത്യയെ ശരണം പ്രാപിച്ചുകഴിയുമ്പോഴായിരിക്കും വിവരം പുറത്തുവരുക.
Next Story

RELATED STORIES

Share it