മലയാള ഭാഷാ ബില്ല് അംഗീകരിച്ചു

തിരുവനന്തപുരം: മലയാള ഭാഷ (വ്യാപനവും പരിപോഷണവും) അന്തിമ കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ മലയാളമാക്കുവാനും മലയാളം ഭാഷ സാര്‍വത്രികമാക്കുവാനും സര്‍ക്കാര്‍ നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷം തയാറാക്കിയ ബില്ലിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്.
കേരള ഔദ്യോഗിക ഭാഷ ആക്ട് 1969 അനുസരിച്ച് ഇംഗ്ലീഷും മലയാളവും സംസ്ഥാനത്ത് ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷാ നിയമം ഉണ്ടാക്കുകയാണു ലക്ഷ്യം. ബില്ല് തയ്യാറാക്കുന്നതിനുള്ള മെമ്മോറാണ്ടം ആദ്യം നിയമവകുപ്പിന് നല്‍കി. അവര്‍ തയ്യാറാക്കിയ കരട് ബില്ല് പെരുമ്പടവം ശ്രീധരന്‍, ആര്‍ ഗോപാലകൃഷ്ണന്‍, ഡോ. എം ആര്‍ തമ്പാന്‍, ഡോ. കെ ജയകുമാര്‍ ഐഎഎസ് എന്നിവരടങ്ങിയ സമിതി സൂക്ഷ്മപരിശോധന നടത്തി. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെയും ഹൈക്കോടതി രജിസ്ട്രാറുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഭേദഗതി വരുത്തിയ കരട് ബില്ല് നിയമ വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു. ബില്ലിന്റെ മൂന്നാം ഖണ്ഡം നിയമ വകുപ്പിന്റെ നിര്‍ദേശാനുസരണം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഭേദഗതി ചെയ്തിരുന്നു. ഈ അന്തിമ കരട് ബില്ല് ആണ് മന്ത്രിസഭ അംഗീകരിച്ചത്.
ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി സമഗ്ര മലയാള ഭാഷാ നിയമം വേണമെന്ന് സര്‍ക്കാരിന് നേരത്തെ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയും ഇപ്രകാരം ഒരു നിയമമുണ്ടാക്കണമെന്ന് തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it