മലയാളി വിദ്യാര്‍ഥികളെ ഇഫ്‌ലു ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

പൊന്നാനി: പിഎച്ച്ഡി എന്‍ട്രന്‍സ് പരീക്ഷയ്‌ക്കെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഹൈദരാബാദ് ഇഫ്‌ലു ക്യാംപസില്‍ ഹോസ്റ്റല്‍ അനുവദിക്കാത്ത കോളജ് അധികൃതരുടെ നിലപാട് ചോദ്യംചെയ്ത രണ്ടു മലയാളി വിദ്യാര്‍ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്നു പുറത്താക്കി.
എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ വളാഞ്ചേരി സ്വദേശി ശരത്തിനെയും എംഎ അറബിക് വിദ്യാര്‍ഥിയായ നിലമ്പൂര്‍ സ്വദേശി നഫാസിനെയുമാണ് ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയത്. രണ്ടുപേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. മലയാളികളായ പിഎച്ച്ഡി വിദ്യാര്‍ഥികളോട് ഇഫ്‌ലു അധികൃതര്‍ കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമായാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് കേരളത്തില്‍ നിന്നെത്തിയ 500ഓളം വിദ്യാര്‍ഥികള്‍ക്ക് ഇഫ്‌ലു കാംപസ് ഹോസ്റ്റലില്‍ റൂം അനുവദിക്കാതിരുന്നത്. ഈ വിഷയത്തില്‍ നിലവില്‍ ഇഫ്‌ലുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനു മുന്നില്‍ സര്‍വകലാശാല അധികൃതര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനു നേതൃത്വം നല്‍കിയ രണ്ടുപേരെയാണ് ഹോസ്റ്റലില്‍ നിന്നു പുറത്താക്കി ഉത്തരവിറക്കിയത്.
ഇഫ്‌ലുവില്‍ സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരേ ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്ചടക്കനടപടിയെടുക്കുന്നത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബീഫ് വിളമ്പിയതിന് മലപ്പുറം കോഡൂര്‍ സ്വദേശിയായ ജലീസിനെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it