Web & Social

മലയാളികളില്‍ 38%ത്തിനും സോഷ്യല്‍മീഡിയയില്‍ കള്ളപ്പേര്‌

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ സെക്കന്‍ഡ് സെമസ്റ്റര്‍ എം.എ. സോഷ്യോളജി വിദ്യാര്‍ഥികള്‍ നടത്തിയ ഒരു സര്‍വേ സൂചിപ്പിക്കുന്നത് മലയാളികളായ യുവതീയുവാക്കളില്‍ 38 ശതമാനം സ്വന്തം പേരിലല്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു എന്നാണ്. 2015 ആഗസ്ത് ആദ്യവാരത്തില്‍ നടത്തിയ സര്‍വേയില്‍ 955 വിദ്യാര്‍ഥികളെയാണ് ഇന്റര്‍വ്യൂ നടത്തിയത്.
സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ :
മലയാളികളായ യുവതീയുവാക്കളില്‍ 38 ശതമാനം സ്വന്തം പേരിലല്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. പെണ്‍കുട്ടികളില്‍ 78 ശതമാനവും ആണ്‍കുട്ടികളില്‍ 27 ശതമാനവും സ്വന്തം ഫോട്ടോയല്ല ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നല്‍കുന്നത്. ആണ്‍കുട്ടികളില്‍ 29 ശതമാനം സ്വന്തം പേരു പോലും കൊടുക്കുന്നില്ല. 16 ശതമാനം പെണ്‍കുട്ടികള്‍ അപരചിത്രങ്ങളിലൂടെയാണ് ബന്ധപ്പെടുന്നത്. 11 ശതമാനം പുരുഷന്‍മാര്‍ മറ്റാരുടെയെങ്കിലും ഫോട്ടോ നല്‍കുന്നു. 32 ശതമാനം പേര്‍ ചിഹ്നങ്ങളും ഡിസൈനുകളും നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈലില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ യുവതീയുവാക്കളില്‍ 64 ശതമാനം ഭാഗികമായേ നല്‍കുന്നുള്ളൂ. 78 ശതമാനം പെണ്‍കുട്ടികളും 64 ശതമാനം ആണ്‍കുട്ടികളും വ്യക്തിപരമായ വിവരങ്ങള്‍ പൂര്‍ണമായി നല്‍കാറില്ല. എന്നാല്‍, രണ്ടു ശതമാനം മാത്രമേ തെറ്റായി സ്വന്തം വിവരങ്ങള്‍ നല്‍കാറുള്ളൂ. 47 ശതമാനം പെണ്‍കുട്ടികളും ഉള്ളിലൊരു പേടിയോടെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എന്നു വെളിപ്പെടുത്തുന്നു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ സോഷ്യോളജി വിഭാഗം വിദ്യാര്‍ഥികള്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലെ കലാലയ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് സോഷ്യല്‍ മീഡിയ-ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. കേരളത്തില്‍ ആദ്യമായാണ് സോഷ്യല്‍ മീഡിയയിലെ യുവതീയുവാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചും ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും സാമൂഹികശാസ്ത്രപഠനം നടക്കുന്നത്.
സര്‍വേയില്‍ കണെ്ടത്തിയ മറ്റു കാര്യങ്ങള്‍:
1. വിദ്യാര്‍ഥികളില്‍ 40 ശതമാനവും വിവരശേഖരണത്തിനും റഫറന്‍സിനുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍, 21 ശതമാനം സൗഹൃദം നിലനിര്‍ത്താനും 26 ശതമാനം വിനോദത്തിനും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നു. വാര്‍ത്തകള്‍ അറിയാന്‍ വെറും നാലു ശതമാനമാണ് മുഖ്യമായും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.
2. ഗൂഗ്ള്‍ സെര്‍ച്ച്, വിക്കിപീഡിയ ഉപയോഗത്തിന് 34 ശതമാനം പേര്‍ പ്രഥമ പരിഗണന നല്‍കുന്നു. പെണ്‍കുട്ടികളില്‍ 41 ശതമാനവും ഇതിനാണ് മുന്‍ഗണന കൊടുക്കുന്നത്. 26 ശതമാനം ആണ്‍കുട്ടികളേ ഇക്കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കുന്നുള്ളൂ.
3. ആണ്‍കുട്ടികളില്‍ 67 ശതമാനവും പെണ്‍കുട്ടികളില്‍ 52 ശതമാനവും വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്കാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. യൂട്യൂബിനു വെറും രണ്ടു ശതമാനം മാത്രമേ പ്രഥമ പരിഗണന കൊടുക്കുന്നുള്ളൂ. എന്നാല്‍, 25 ശതമാനത്തോളം വിദ്യാര്‍ഥികള്‍ യൂട്യൂബിന് മൂന്നാമതായി പ്രാധാന്യം നല്‍കുന്നു.
4. സ്വന്തം പേരിലല്ലാതെ അപരനാമങ്ങളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുള്ളവരാണ് 12 ശതമാനം ആണ്‍കുട്ടികള്‍. ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ 5 ശതമാനം മാത്രമേ ഉള്ളൂ.
5. വിദ്യാര്‍ഥികളില്‍ 25 ശതമാനം പേര്‍ 100ല്‍ താഴെ സുഹൃത്തുക്കളുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടുന്നു. പെണ്‍കുട്ടികളില്‍ ഭൂരിപക്ഷത്തിനും (75 ശതമാനം) 250ല്‍ കുറഞ്ഞ നെറ്റ് സുഹൃത്തുക്കളേയുള്ളൂ. എന്നാല്‍, ആണ്‍കുട്ടികളില്‍ 31 ശതമാനത്തിന് 500നും 1000നുമിടയില്‍ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുണ്ട്.
6. വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ 60 ശതമാനവും നേരിട്ടറിയാവുന്നവരാണ്. ഇവരില്‍ 21 ശതമാനവും സുഹൃത്തുക്കളുടെ സുഹൃത്തുക്കളാണ്. ആണ്‍കുട്ടികള്‍ 14 ശതമാനവും പെണ്‍കുട്ടികള്‍ നാലു ശതമാനവും അപരിചിത സൗഹൃദങ്ങള്‍ വച്ചുപുലര്‍ത്തുന്നു. ഏഴു ശതമാനം സെലിബ്രിറ്റികളുമായി സോഷ്യല്‍ മീഡിയ ചങ്ങാത്തം ആഘോഷിക്കുന്നു. ഇവരില്‍ ഭൂരിപക്ഷം ആണ്‍കുട്ടികളാണ്.
7. 59 ശതമാനം പേര്‍ക്ക് പഴയ സുഹൃത്തുക്കളെ കണെ്ടത്താന്‍ സോഷ്യല്‍ മീഡിയ മാര്‍ഗമൊരുക്കിയിട്ടുണ്ട്. 66 ശതമാനം പെണ്‍കുട്ടികള്‍ക്കും 52 ശതമാനം ആണ്‍കുട്ടികള്‍ക്കും നഷ്ടസൗഹൃദങ്ങള്‍ വീണെ്ടടുക്കാന്‍ സോഷ്യല്‍ മീഡിയ സഹായകമായിട്ടുണ്ട്. 35 ശതമാനത്തിനു പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ വഴിയൊരുക്കി. ആണ്‍കുട്ടികളില്‍ 40 ശതമാനത്തിനും പെണ്‍കുട്ടികളില്‍ 29 ശതമാനത്തിനും നവസൗഹൃദമുണ്ടാക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്.
8. 48 ശതമാനം സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചയ്ക്ക് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇവരില്‍ കൂടുതല്‍ പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളില്‍ 56 ശതമാനം പേര്‍ പൊതുചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.
9. തമാശകളും കൗതുകവാര്‍ത്തകളും കൈമാറ്റം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന 36 ശതമാനം പേരില്‍ കൂടുതലും (41%) ആണ്‍കുട്ടികളാണ്.
10. ചെറുപ്പക്കാരില്‍ 16 ശതമാനം പേര്‍ ആത്മീയകാര്യങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ഇവരില്‍ കൂടുതല്‍ മുസ്‌ലിം വിദ്യാര്‍ഥികളാണ്.
11. വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷവും സദാ ഇന്റര്‍നെറ്റും വാട്ട്‌സ്ആപ്പുമായി ഇരിക്കുന്നവരല്ല. എട്ടു ശതമാനം പേരേ ഇക്കൂട്ടരില്‍ പെടുന്നുള്ളൂ. എന്നാല്‍, 41 ശതമാനം പെണ്‍കുട്ടികളും ദിവസത്തില്‍ വല്ലപ്പോഴും മാത്രമേ ഇന്റര്‍നെറ്റിനു മുന്നില്‍ ഇരിക്കുന്നുള്ളൂ. ആണ്‍കുട്ടികളില്‍ 27 ശതമാനം അരമണിക്കൂറില്‍ താഴെ മാത്രം നെറ്റ് ഉപയോഗിക്കുന്നു. എന്നാല്‍, 17 ശതമാനം ആണ്‍കുട്ടികളും 13 ശതമാനം പെണ്‍കുട്ടികളും ഒരു മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.
12. യുവതീയുവാക്കളില്‍ 53 ശതമാനം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിയമപരമായി പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍- 60 ശതമാനം. ഏഴു ശതമാനത്തിനു പ്രായപരിധി നിയന്ത്രണത്തില്‍ ഒരഭിപ്രായവുമില്ല.
13. വിദ്യാര്‍ഥികള്‍ പൊതുവേ (43 ശതമാനം) സോഷ്യല്‍ മീഡിയ അത്ര സുരക്ഷിതമായ ഒരു മാധ്യമമാണെന്നു കരുതുന്നില്ല. ഇക്കാര്യത്തില്‍ 46 ശതമാനം ആണ്‍കുട്ടികള്‍ അങ്ങനെ കരുതുമ്പോള്‍ 40 ശതമാനം പെണ്‍കുട്ടികള്‍ മാത്രമേ ഈ വിശ്വാസം വച്ചുപുലര്‍ത്തുന്നുള്ളൂ.
14. ചെറുപ്പക്കാരില്‍ 34 ശതമാനം ഭാവിയിലെ ഭാര്യാഭര്‍തൃബന്ധത്തെ സോഷ്യല്‍ മീഡിയ ഉപയോഗം പ്രതികൂലമായി ബാധിക്കാനിടയുണെ്ടന്നു കരുതുന്നു. പെണ്‍കുട്ടികളില്‍ 38 ശതമാനവും ആണ്‍കുട്ടികളില്‍ 34 ശതമാനവും ഈ ധാരണക്കാരാണ്. എന്നാല്‍ 37 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ ഒരഭിപ്രായവുമില്ല.
15. സോഷ്യല്‍ മീഡിയയിലൂടെ ലൈംഗിക ചൂഷണം ധാരാളം നടക്കുന്നുണെ്ടന്ന് 56 ശതമാനം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കരുതുന്നു. ആണ്‍കുട്ടികളില്‍ 11 ശതമാനം ലൈംഗിക ചൂഷണ സാധ്യത തള്ളിപ്പറയുന്നു. 34 ശതമാനം വിദ്യാര്‍ഥികള്‍ ഇരുപക്ഷവും ചേരാതെ മാറിനില്‍ക്കുന്നു.

(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ സെക്കന്‍ഡ് സെമസ്റ്റര്‍ എം.എ. സോഷ്യോളജി വിദ്യാര്‍ഥികളാണ് സര്‍വേ നടത്തിയത്. 2015 ആഗസ്ത് ആദ്യവാരത്തില്‍ നടത്തിയ സര്‍വേയില്‍ 955 വിദ്യാര്‍ഥികളെയാണ് ഇന്റര്‍വ്യൂ നടത്തിയത്. )
Next Story

RELATED STORIES

Share it