azchavattam

മലയാളിയുടെ ഷേക്‌സിപിയര്‍

മലയാളിയുടെ ഷേക്‌സിപിയര്‍
X
SHAKESPEAREAN
എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി എസ്ബി കോളജിന്റെ തിരുമുറ്റം. വൈകീട്ട് ഏഴു മണികഴിഞ്ഞിട്ടുണ്ടാവണം. നൂറുകണക്കിനു കാണികള്‍ സ്‌റ്റേജിലേക്കു നോക്കി അക്ഷമരായി കാത്തിരിക്കുന്നു. അവരില്‍ ഏറെപേരും ഉന്നതവിദ്യാഭ്യാസം നേടിയവര്‍. അക്കൂട്ടത്തില്‍ പുരോഹിതന്മാരുണ്ട്, അധ്യാപകരുണ്ട്, രക്ഷകര്‍ത്താക്കളുണ്ട്, നിറയെ വിദ്യാര്‍ഥികളുമുണ്ട്. ഒപ്പം മഴയുടെ ചില ലക്ഷണങ്ങളും കണ്ടുതുടങ്ങി.
കാണികളില്‍ ചിലര്‍ പരസ്പരം ചോദിച്ചു: 'മഴ ചതിക്കുമോ? നാടകം നടക്കുമോ?' പെട്ടെന്ന് നാടകസംവിധായകന്റെ മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെന്റ്. 'ലേഡീസ് അന്റ് ജെന്റില്‍മെന്‍, സയലന്‍സ് പ്ലീസ്, വി ആര്‍ ഗോയിങ് ടു സ്റ്റാര്‍ട്ട് ദി ഡ്രാമ ടെംപെസ്റ്റ്.'
അതോടെ ജനം നിശ്ശബ്ദരായി. കര്‍ട്ടന്‍ ഉയര്‍ന്നു. 30 അടിയോളം വലുപ്പമുള്ള സ്റ്റേജില്‍ ഒരു വലിയ കപ്പല്‍. അത് അപകടത്തില്‍പ്പെടുന്നതാണ് ആദ്യരംഗം. അത് തനതുരൂപത്തില്‍ അവതരിപ്പിക്കാനായി കപ്പല്‍ പിടിച്ചുകുലുക്കാന്‍ ആരും കാണാതെ ചിലരെ സ്റ്റേജിനടിയില്‍ നിര്‍ത്തിയിരുന്നു. കൃത്രിമമായി മഴ പെയ്യിക്കാന്‍ പമ്പും മറ്റു സംവിധാനങ്ങളും  തിരമാലകള്‍ ആഞ്ഞടിക്കുന്നതു കാണിക്കാന്‍ ശക്തിയുള്ള ഫാനും ഘടിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നവരായി അഭിനേതാക്കളും രംഗത്ത്.
നാടകം ആരംഭിക്കുന്നു. കപ്പല്‍ മെല്ലെ ചലിച്ചുതുടങ്ങി. പിന്നണിയില്‍ തിരമാലകളുടെ ഇരമ്പല്‍. പേടിപ്പെടുത്തുന്ന ശബ്ദം. സ്റ്റേജില്‍ വ്യത്യസ്ത വര്‍ണങ്ങള്‍ മിന്നിമറയുന്നു. കപ്പല്‍ ആടിയുലയുന്നു. അപ്പോഴേക്കും പുറത്ത് ശക്തമായ മഴ ആരംഭിച്ചു. കാറ്റ് ആഞ്ഞുവീശുന്നു. കപ്പല്‍ ആടിയുലഞ്ഞു തകരുന്നു. നനഞ്ഞൊലിച്ച കാണികള്‍ ആ രംഗം കണ്ട് ആര്‍ത്തുവിളിക്കുന്നു. നിലയ്ക്കാത്ത കൈയടി.
എന്നാല്‍, ശക്തമായി പെയ്ത കാറ്റിലും മഴയിലുമാണ് കപ്പല്‍ തകര്‍ന്നതെന്ന് കാണികളില്‍ പലര്‍ക്കും പിടികിട്ടിയില്ല. മൈക്കിലൂടെ ഉയര്‍ന്നുപൊങ്ങിയ ശബ്ദതരംഗങ്ങള്‍ എല്ലാ കാണികളെയും കൈയിലെടുത്തുകളഞ്ഞു.
ഈ രംഗം എങ്ങനെ അവതരിപ്പിച്ച് വിജയിപ്പിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന സംഘാടകരുടെ മനസ്സില്‍ നാടകം ആരംഭിച്ചപ്പോള്‍ മുതല്‍ തീയായിരുന്നു. കാറ്റിലും മഴയിലും കപ്പല്‍ മാത്രമല്ല, സ്റ്റേജും തകരുമോ എന്ന ആശങ്കയായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആറുമാസത്തിലേറെയുള്ള കഠിന പ്രയത്‌നം വെറുതെയാവുമോ. എങ്കിലും സംവിധായകനായ ഡോ. ജിജി ജോസഫ് അവര്‍ക്കു ധൈര്യം കൊടുത്തു: 'പേടിക്കണ്ട, വരുന്നതുപോലെ വരട്ടെ'
അല്‍പസമയത്തിനുശേഷം മഴ മാറി. തുടര്‍ന്നു ചാറ്റല്‍ മഴ മാത്രം. അടുത്ത രംഗത്തില്‍ കാമുകനും കാമുകിയും ചാറ്റല്‍ മഴയില്‍ ചെസ് കളിക്കുന്നതാണ് കാണിക്കേണ്ടത്. അതും പ്രകൃതി നല്‍കിയ ചാറ്റല്‍മഴയില്‍ തന്മയത്വത്തോടെ അഭിനയിക്കാനും അവതരിപ്പിക്കാനുമായി.
പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ മഴ, നാടകം വന്‍വിജയമാക്കാന്‍ ഇടയാക്കിയ സംഭവം അന്നത്തെ അഭിനേതാക്കളും ഇപ്പോള്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നവരുമായ ജസ്റ്റിന്‍, അജയ്‌ജോസഫ്, നെവില്‍ തോമസ്, ലിജു, ബിബിന്‍ തോമസ് എന്നിവര്‍ അന്നത്തെ സംവിധായകനും ഇംഗ്ലീഷ് വിഭാഗം മേധാവിയും ഒട്ടനവധി ഷേക്‌സ്പിയര്‍ നാടകങ്ങള്‍ സംവിധാനം ചെയ്തയാളുമായ ജിജി ജോസഫിനോട് ഒപ്പമിരുന്നു വിവരിക്കുമ്പോള്‍ പഴയകാല ഓര്‍മകളും കൂട്ടച്ചിരികളും... നിരവധി തവണ നാടകം പഠിപ്പിക്കാനും പല കഥാപാത്രങ്ങളായി ജീവിക്കാനും അവസരം ലഭിച്ചിട്ടുണ്ട് വര്‍ഷങ്ങളോളം ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഡോ. ജിജി ജോസഫ് കൂട്ടുമ്മലിന്. വിദ്യാര്‍ഥികളോടൊപ്പം അദ്ദേഹം ഈ നാടകങ്ങളില്‍ ജീവിച്ചു. ദിവസങ്ങളോളം വിദ്യാര്‍ഥികള്‍ക്കൊപ്പം കോളജില്‍തന്നെ ഇതിനായി ഉറങ്ങേണ്ടിവന്നിട്ടുണ്ട്. ക്ഷമയുടെ നെല്ലിപ്പലക കണ്ട ദിനങ്ങളായിരുന്നു അതില്‍ പലതും.
അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളില്‍ കഥാപാത്രങ്ങളായി ജീവിച്ച വിദ്യാര്‍ഥികളെല്ലാം ഇന്ന് നാടിന്റെ നാനാഭാഗങ്ങളിലാണെങ്കിലും അവരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്.
ലോകഭാഷകളിലെല്ലാം ഷേക്‌സ്പിയര്‍ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാവ്യരൂപത്തിലുള്ള ആ പദ്യ-ഗദ്യ നാടകങ്ങള്‍ അതിന്റെ തനതുരൂപത്തില്‍ അവതരിപ്പിക്കുന്നത് ഏറെ ശ്രമകരമാണെന്ന് ഡോ. ജിജി പറയുന്നു: പ്രേമവും വിരഹവും മന്ത്രവാദവും കൊലപാതകവും യുദ്ധവും സമാധാനവും പ്രതികാരവും പ്രതിസന്ധികളും രാജഭരണവും രാജ്യാന്തര          ബന്ധങ്ങളും എല്ലാം നിറഞ്ഞതാണ് ഷേക്‌സ്പിയര്‍ നാടകങ്ങള്‍. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള വേഷങ്ങള്‍, ഭാഷകള്‍, യുദ്ധമുറകള്‍ എല്ലാം അതില്‍ കാണാം. വേറിട്ട ഇംഗ്ലീഷ് ഭാഷാപ്രയോഗങ്ങള്‍ അനായാസേന പറയാനും കൈകാര്യം ചെയ്യാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും. മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങള്‍ അവസാനിക്കുംവരേയും മുഖത്തെ ഭാവങ്ങളില്‍ മാറ്റം വരാതെ സഹകഥാപാത്രങ്ങള്‍ നില്‍ക്കേണ്ടിയും വരുന്നു.

എസ്ബിയിലെ
ഷേക്‌സ്പിയര്‍ തിയേറ്റര്‍
ഇന്ത്യയില്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ ഇടവിട്ടെങ്കിലും അവതരിപ്പിക്കാറുള്ളത് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലാണ്. എന്നാല്‍, കേരളത്തില്‍ അപൂര്‍വമായി പേരിനെങ്കിലും ചില കോളജുകളില്‍ അധ്യാപകരുടെ പ്രേരണയാല്‍ വിദ്യാര്‍ഥികള്‍ ഇത് അവതരിപ്പിക്കാറുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് 22ഓളം പ്രാവശ്യം ഷേക്‌സ്പിയര്‍ നാടകങ്ങള്‍ വന്‍ സന്നാഹങ്ങളോടെ  അവതരിപ്പിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വം കാംപസുകളിലൊന്നാണ് ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമെന്‍സ്(എസ് ബി)കോളജ.്
പ്രശസ്ത നിരൂപകനായിരുന്ന എം പി പോള്‍ ആണ് നാടകാവതരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1936ല്‍ ഇവിടെ അധ്യാപകനായിരിക്കുമ്പോഴായിരുന്നു അത്. അതിനുശേഷം വന്ന പ്രഫ. ഷെപ്പേഡ് ഷേക്‌സ്പിയര്‍ നാടകങ്ങളുടെ അനന്തസാധ്യതകളിലേക്കിറങ്ങിച്ചെന്നു. തുടര്‍ന്ന് ദീര്‍ഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന എ ഇ അഗസ്റ്റിനായിരുന്നു സി സി തോമസ് മുതല്‍  ജിജി ജോസഫ് വരെയുള്ളവരുടെ ഗുരു എന്നുതന്നെ പറയാം. അദ്ദേഹമായിരുന്നു ഷേക്‌സ്പിയര്‍ നാടകങ്ങള്‍ സാധാരണക്കാര്‍ക്കിടയിലേക്ക് എത്തിച്ചത്. എ ഇ അഗസ്റ്റിന്‍, സി സി തോമസ് എന്നിവരെ മാറ്റിനിര്‍ത്തിക്കൊണ്ട് ചങ്ങനാശ്ശേരി എസ് ബി കോളജിന്റെ നാടകചരിത്രം പൂര്‍ണമാവില്ല. കെ വി ജോസഫ്, കെ ജെ ഫ്രാന്‍സിസ്, കെ ജെ ജോണ്‍, ഡോ. എ ജെ തോമസ് തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ എസ് ബി കോളജില്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ ഒത്തുചേര്‍ന്നവരില്‍ പെടും.
നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അക്കാലത്ത് ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. അധ്യാപകര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് പണം സ്വരൂപിച്ചാണ് പലപ്പോഴും നാടകങ്ങള്‍ നടത്തിയിരുന്നത്. വളരെ അകലെ നിന്നുപോലും ഷേക്‌സ്പിയര്‍ നാടകങ്ങള്‍ കാണാന്‍ അക്കാലത്ത് എസ് ബി കോളജില്‍ ആളുകള്‍ എത്തുമായിരുന്നത്രെ.

പ്രേംനസീര്‍ ഷൈലോക്കിന്റെ വേഷത്തില്‍
'മര്‍ച്ചന്റ് ഓഫ് വെനീസ്' എന്ന നാടകത്തില്‍ പണ്ടൊരിക്കല്‍ ഷൈലോക്കിന്റെ വേഷമണിഞ്ഞത് കോളജിലെ അന്നത്തെ വിദ്യാര്‍ഥിയായിരുന്ന പ്രേംനസീറായിരുന്നു. അന്നത്തെ ഇംഗ്ലീഷ് വിഭാഗം മേധാവി എ ഇ അഗസ്റ്റിനായിരുന്നു അതിനു നേതൃത്വം നല്‍കിയത്.  പ്രഫ. ഷെപ്പേഡ് നാടകം സംവിധാനം ചെയ്യുകയും വേഷമിടുകയും ചെയ്തു. ഈ നാടകത്തിലെ അഭിനയത്തിന് നസീറിന് നല്ല നടനുള്ള അവാര്‍ഡും ലഭിച്ചു. അന്നദ്ദേഹം നസീറല്ല, അബ്ദുല്‍ ഖാദറാണ്. തിരുവനന്തപുരം വിജെടി ഹാളില്‍ സിനിമയില്‍ പ്രവേശിക്കാന്‍ മല്‍സരിച്ചപ്പോഴും അദ്ദേഹം ഷേക്‌സ്പിയര്‍ നാടകത്തിലെ വേഷമാണ് അഭിനയിച്ചത്. [related]
Next Story

RELATED STORIES

Share it