മലയാളിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം: എ കെ ആന്റണി

മങ്കൊമ്പ്/കോട്ടയം:  ഓരോ മലയാളിക്കും അവരവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്് എ കെ ആന്റണി. കുട്ടനാട്ടിലെ പുളിങ്കുന്നില്‍ യുഡിഎഫ്് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ അടുക്കളകളില്‍ കയറാന്‍ ഒരു സദാചാര പോലിസിനെയും അനുവദിക്കരുത്. ബി ജെപിക്ക് കേന്ദ്രത്തില്‍ ഇത് അവസാനത്തെ അവസരമായിരിക്കണം. ഇനി അധികാരത്തില്‍ കയറാന്‍ അവരെ അനുവദിക്കരുത്. വികസനരംഗത്തെ അതിശയകരമായ മുന്നേറ്റങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഏറെ ജനപ്രിയമാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് കേരളമൊട്ടാകെയുള്ള വിവിധ ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇതിന്റെ ഭാഗമായാണ്് കുട്ടനാടന്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ലിന്് ന്യായമായ വില ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുള്ളതിനേക്കാള്‍ വിജയസാധ്യത ഇപ്പോള്‍ യുഡിഎഫിനു ണ്ടെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയെ മാനിക്കുന്നുവെന്ന് എ കെ ആന്റണി.

കോട്ടയം പ്രസ്‌ക്ലബ്ബില്‍ 'ത്രിതലം 2015' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധി വന്ന സാഹചര്യത്തില്‍ രാജിവയ്ക്കണോയെന്നു തീരുമാനിക്കേണ്ടത് കെ എം മാണിയാണ്. സ്വമനസ്സാലെയുള്ള രാജി വ്യക്തിനിഷ്ഠം തന്നെയാണ്. കോടതിവിധി തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ബാര്‍ കോഴ വിഷയം തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് ചര്‍ച്ചചെയ്യും.  കോടതിവിധിയുടെ ശരിയായ പകര്‍പ്പ് താന്‍ കണ്ടിട്ടില്ലെന്നും കോടതിവിധിയുടെ പേരില്‍ യുഡിഎഫിെനതിരായി ജനം വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി-ബിജെപി സഖ്യം കോണ്‍ഗ്രസ്സിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആരു നയിക്കുമെന്നത് തീരുമാനിച്ചിട്ടില്ല. അക്കാര്യം സമയമാവുമ്പോള്‍ വ്യക്തമാക്കും. സുധീരന്റെ വരവോടെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയെ തകര്‍ക്കാര്‍ വടക്കെ ഇന്ത്യയില്‍ ഒരു ധൂമകേതു ഉദിച്ചിട്ടുണ്ട്. ആ ധൂമകേതുവാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it