Editorial

മലയാളം മരിക്കാതിരിക്കാന്‍

ഇന്നു കേരളപ്പിറവി ദിനമാണ്. രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഊന്നിപ്പറയുന്നതിനും ഫെഡറല്‍ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമാണ് ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത്. അങ്ങനെ മലയാളികളുടെ മാതൃഭൂമിയായി കേരളം നിലവില്‍ വന്നു.
ഒരു സ്വതന്ത്ര ഭാഷ എന്ന നിലയ്ക്ക് മലയാളത്തിന് 1500 കൊല്ലത്തിലധികം പഴക്കമുണ്ട്. ക്രി.വ. 10ാം നൂറ്റാണ്ട് മുതലാണ് ഇന്ത്യയിലാകെ പ്രാദേശിക ഭാഷകള്‍ വികസിക്കുന്നത്. ഇക്കാലയളവില്‍ തന്നെ മലയാളവും സ്വതന്ത്ര ഭാഷയായി വികാസംകൊള്ളാന്‍ തുടങ്ങി. വടക്കേ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട പല ശിലാഫലകങ്ങളിലും മലയാള ലിപി സ്ഥാനംപിടിച്ചത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1678ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കസ് ആണ് ആദ്യമായി മലയാളം ലിപി അച്ചടിച്ച പുസ്തകം. കേരളത്തിലെ സസ്യവൈവിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
ശുദ്ധമലയാളം ആദ്യമായി കണ്ട കൃതിയാണ് 15ാം നൂറ്റാണ്ടില്‍ ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥ. മലയാളഭാഷയുടെ ചരിത്രത്തില്‍ കൃഷ്ണഗാഥയ്ക്ക് സുപ്രധാന പങ്കുണ്ട്. ശുദ്ധമലയാളത്തിന്റെ പിതാവ് ചെറുശ്ശേരിയാണെങ്കിലും മലയാളഭാഷയുടെ പിതാവായി പരിഗണിക്കുന്നത് തുഞ്ചത്ത് എഴുത്തച്ഛെനയാണ്. സംസ്‌കൃതവുമായി കൂടിക്കലര്‍ന്ന് മലയാള കാവ്യസാഹിത്യത്തിനു സ്വന്തമായൊരു കാവ്യശൈലി രൂപപ്പെടുത്തിയെടുത്തത് എഴുത്തച്ഛനാണ്.
സ്വദേശികളും വിദേശികളുമായ ഭാഷാപണ്ഡിതരുടെയും എഴുത്തുകാരുടെയും സഹായത്തോടെയാണ് മലയാളഭാഷ വളര്‍ന്ന് ഇന്നത്തെ രൂപത്തിലായത്. പക്ഷേ, നമ്മുടെ പുതുതലമുറ മാതൃഭാഷയെ കാര്യമായെടുക്കുന്നില്ല. ഭാഷ പഠിക്കുന്നത് ഒരു രണ്ടാംതരം പൗരത്വത്തിന്റെ ലക്ഷണമാണെന്ന ധാരണ എങ്ങനെയോ നമ്മളില്‍ വേരുറച്ചിരിക്കുകയാണ്. മലയാളമാധ്യമത്തില്‍ പഠിക്കുന്നതുപോലും വിദ്യാര്‍ഥിയുടെ ഭാവിയെ ബാധിക്കുമെന്ന സമീപനമാണ് മിക്ക മാതാപിതാക്കള്‍ക്കുമുള്ളത്. മാതൃഭാഷ സംസാരിച്ചതിന് കുട്ടിയെ ശിക്ഷിച്ചിട്ടുള്ള സ്‌കൂളുകള്‍ ലോകത്ത് കേരളത്തില്‍ മാത്രമേ കാണൂ. മാതൃഭാഷ പഠിക്കാതെ ഒരു സര്‍വകലാശാലാ ബിരുദം എടുക്കാവുന്ന സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്.
മാതൃഭാഷ എന്തിനു പഠിക്കണമെന്നാണ് അറിവുള്ളവര്‍ പോലും ചോദിക്കുന്നത്. എന്നാല്‍, മാതൃഭാഷ അമ്മിഞ്ഞപ്പാലിനോടൊപ്പം നമുക്ക് കിട്ടുന്ന ഒരു സിദ്ധിയാണ്. നമ്മെ കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്നത് മാതൃഭാഷയാണ്. ഏതൊരു ജനതയുടെയും ജീവിതവ്യവസ്ഥയെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് മാതൃഭാഷയാണ്. ഒരു വ്യക്തിയുടെ വിചാരങ്ങള്‍ അന്യനു ഗ്രഹിക്കാന്‍ പര്യാപ്തമായ ശബ്ദങ്ങളുടെ സമാഹാരമാണ് ഭാഷ. അത് മാതൃഭാഷയിലൂടെ ആകുമ്പോഴേ വ്യക്തിക്ക് വ്യക്തിത്വം ഉണ്ടാവൂ. മാതൃഭാഷയെ ത്യജിക്കുന്നത് നാം നമ്മുടെ അടിത്തറ തോണ്ടുന്നതിനു തുല്യമാണ്.
മാതൃഭാഷയെ പുച്ഛിക്കുന്നവര്‍ ജപ്പാനില്‍ നടന്ന ഒരു സംഭവം ഓര്‍ക്കുന്നത് നന്നായിരിക്കും. 1995ല്‍ ജപ്പാനില്‍ നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അവിടത്തെ ഒരു റെയില്‍വേ സ്റ്റേഷനില്‍ 'ഓം ഷിന്റിക്യോ' ഭീകരര്‍ വിഷവാതകം ചീറ്റിച്ച് ഒട്ടേറെ യാത്രക്കാരെ കൊന്നു. ഒരു ബൗദ്ധ ആള്‍ദൈവത്തിന്റെ ആള്‍ക്കാരായിരുന്നു അക്രമികള്‍. തങ്ങളുടെ ഗുരു പറഞ്ഞത് അനുസരിച്ചാണ് കൃത്യം ചെയ്തതെന്ന് പിടിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പോലിസിനോട് പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഉന്നതബിരുദധാരികളായിരുന്നു ഈ കുറ്റവാളികള്‍. ഈ സംഭവത്തെക്കുറിച്ച് പഠിച്ച സാമൂഹിക ശാസ്ത്രജ്ഞര്‍ ചെന്നെത്തിയത് ജപ്പാനിലെ വിദ്യാഭ്യാസരീതിയുടെ മുഖ്യ വൈകല്യത്തിലേക്കാണ്. മാനവിക വിഷയങ്ങളെ അവഗണിച്ച് ശാസ്ത്രത്തിനു പരമപ്രാധാന്യം നല്‍കിയത് വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്ന് അവര്‍ നിരീക്ഷിച്ചു. മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
Next Story

RELATED STORIES

Share it