മലയാളം ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഒരേസമയം ഓണ്‍ലൈനായി പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം കോഴിക്കോട്ട് പ്രഖ്യാപിച്ചു.കേരള നദ്‌വത്തുല്‍ മുജാഹിദീനും യുഎഇയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ചേര്‍ന്നാണ് പരീക്ഷ സംഘടിപ്പിച്ചത്.
ഒന്നാംറാങ്ക് ചെന്നൈ എസ്ആര്‍എം യൂനിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി അഷ്ഫാഖ് അഹ്മദ് ഫൈസി കരസ്ഥമാക്കിയതായി കെഎന്‍എം ജനറല്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു. നാലുമിനിറ്റും 56 സെക്കന്റും എടുത്താണ് മികച്ച സമയത്തിനുള്ളില്‍ ഒന്നാംറാങ്ക് നേടിയത്.
ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന മുന്നാ ഷെറിന്‍ ആറു മിനിറ്റും രണ്ട് സെക്കന്റും സമയമെടുത്ത് രണ്ടാംറാങ്കും ഫോര്‍ട്ട്‌കൊച്ചി ഫാത്തിമ ക്ലിനിക്കിലെ ഡോ. പി എം ഖദീജ ഏഴുമിനിറ്റും 48 സെക്കന്റും എടുത്തു മൂന്നാം റാങ്കും നേടി.
റമദാനില്‍ ദുബയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോട് അനുബന്ധിച്ച് നടക്കുന്ന എം എം അക്ബറിന്റെ പ്രഭാഷണ വേദിയില്‍ വച്ച് സമ്മാനം വിതരണം ചെയ്യും.
ഒന്ന്, രണ്ട്, മൂന്ന് റാങ്കുകാര്‍ക്ക് ഒരുലക്ഷം രൂപ, 75,000രൂപ, 50,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡും നാലുമുതല്‍ 10വരെ റാങ്കു നേടിയവര്‍ക്ക് 10,000 രൂപയും 11 മുതല്‍ 25വരെ റാങ്കുനേടിയവര്‍ക്ക് 2500 രൂപയും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയുടെ മുഴുവന്‍ ഭാഗങ്ങളും ലഭിക്കും.
26 മുതല്‍ 100വരെ റാങ്ക് നേടിയവര്‍ക്ക് 1000 രൂപയും 1350 രൂപയുടെ ഇസ്‌ലാമിക ഗ്രന്ഥങ്ങളും ലഭിക്കും.
60ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it