മലയാളം ഒഴിവാക്കിയ നടപടി; ഉപസമിതി റിപോര്‍ട്ട് സമര്‍പ്പിച്ചില്ല; പിഎസ്‌സി യോഗത്തിലും പ്രതിഷേധം

തിരുവനന്തപുരം: മെയ് 24ന് നടക്കുന്ന യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടിയെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ ഉപസമിതിയുടെ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെച്ചൊല്ലി പിഎസ്‌സി യോഗത്തില്‍ അംഗങ്ങളുടെ പ്രതിഷേധം.
രണ്ടാഴ്ച മുമ്പ് നിയോഗിച്ച ഉപസമിതി യോഗം ചേരാതിരിക്കുന്നത് റിപോര്‍ട്ട് വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് അംഗം ഡോ. പി മോഹന്‍ദാസ് ആരോപിച്ചു. എന്നാല്‍, ഉപസമിതിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടാന്‍ കഴിഞ്ഞില്ലെന്ന് സമിതി ചെയര്‍മാന്‍ വി ശിവദാസന്‍ ചൂണ്ടിക്കാട്ടി. വിഷയം ഇന്നലത്തെ കമ്മീഷനില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നില്ല. അനൗദ്യോഗിക വിഷയമായി അംഗങ്ങള്‍ ഇക്കാര്യം യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍, അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ഉപസമിതി റിപോര്‍ട്ട് വന്നശേഷം ഇക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് അംഗങ്ങള്‍ വഴങ്ങാതിരുന്നതോടെ യോഗത്തില്‍ ചെറിയ തോതില്‍ ബഹളമായി. ഒടുവില്‍ ഇന്ന് ഉപസമിതി യോഗം ചേരാമെന്ന് ചെയര്‍മാന്‍ സമ്മതിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ മലയാളമൊഴിവാക്കിയ നടപടി വാക്കേറ്റത്തിലും പ്രതിഷേധത്തിലും കലാശിച്ചിരുന്നു. പിഎസ്‌സി അംഗം അശോകന്‍ ചരുവില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എങ്കിലും മലയാളം ഒഴിവാക്കിയ തീരുമാനം പിന്‍വലിക്കേണ്ടതില്ലെന്നാണ് ചെയര്‍മാന്റെ തീരുമാനം. പിഎസ്‌സിയുടെ വിവാദ തീരുമാനം പിന്‍വലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ഒരുവിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പുതിയ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായി പരീക്ഷാതിയ്യതി മാറ്റിവയ്ക്കണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ ആവശ്യം ചെയര്‍മാന്‍ തള്ളി. എല്ലാ യൂനിവേഴ്‌സിറ്റികളിലെയും അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒരു പരീക്ഷയാണ് പിഎസ്‌സി നടത്തുന്നത്. അതുകൊണ്ട് വിദ്യാര്‍ഥികളുടെ സൗകര്യത്തിനായി യൂനിവേഴ്‌സിറ്റികള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കണമെന്ന് അംഗങ്ങള്‍ ആവശ്യമുന്നയിച്ചു. എന്നാല്‍, ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കുന്നത് പ്രായോഗികമല്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. യൂനിവേഴ്‌സിറ്റി നിയമനത്തിന് സര്‍ക്കാര്‍ സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കുമ്പോള്‍ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന നിര്‍ദേശമാണുയര്‍ന്നുവന്നത്.
Next Story

RELATED STORIES

Share it