മലമ്പുഴ വിഎസിനായി ഒഴിച്ചിട്ട് സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക

പാലക്കാട്: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനായി മലമ്പുഴ മണ്ഡലം ഒഴിച്ചിട്ട് ജില്ലയിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കി. വിഎസ് മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ മലമ്പുഴ മണ്ഡലത്തിലേക്ക് വേറെയാരുടെയും പേര് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടില്ല.
അതേസമയം, സിറ്റിങ് എംഎല്‍എമാരില്‍ നാലുപേരെ ഒഴിവാക്കിയുള്ള പട്ടികയ്ക്കാണ് ഇന്നലെ ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം രൂപം നല്‍കിയത്. മുന്‍ മന്ത്രി എ കെ ബാലന്‍, ആലത്തൂര്‍ എംഎല്‍എ എം ചന്ദ്രന്‍, ഒറ്റപ്പാലം എംഎല്‍എ എം ഹംസ, ഷൊര്‍ണൂര്‍ എംഎല്‍എ കെ എസ് സലീഖ എന്നിവരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
കഴിഞ്ഞ തവണ നിസ്സാര വോട്ടുകളുടെ ഭൂരിഭക്ഷത്തില്‍ വിജയിച്ച കെ വി വിജയദാസ് തന്നെ കോങ്ങാട് മല്‍സരിക്കും. തൃത്താലയില്‍ വിഭാഗീയത രൂക്ഷമെന്ന റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തിന് പുറത്തുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ പേരും ജില്ലാസെക്രട്ടറി അഡ്വ. പ്രേംകുമാറിന്റെ പേരുമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
പാലക്കാട് മണ്ഡലത്തില്‍ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിനെയും മുന്‍ എംഎല്‍എ കെ കെ ദിവാകരനെയുമാണ് പരിഗണിക്കുന്നത്. നെന്മാറ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി ചെന്താമരാക്ഷന്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തില്‍ കെ ബാബുവിനെ മല്‍സരിപ്പിക്കും. ഷൊര്‍ണൂര്‍ സീറ്റില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. എം ആര്‍ മുരളിയുടെയും പി കെ സുധാകരന്റെയും പേരുകള്‍ സജീവമായി പരിഗണിക്കുമ്പോള്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. അങ്ങനെയെങ്കില്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുബൈദാ ഇസ്ഹാക്ക് സ്ഥാനാര്‍ഥിയാവും. ആലത്തൂരില്‍ കെ ഡി പ്രസേനനും ഒറ്റപ്പാലത്ത് പി കെ ശശിയും തരൂരില്‍ പൊന്നുകുട്ടനും മല്‍സരിക്കും.
Next Story

RELATED STORIES

Share it