മലമ്പുഴയില്‍ ഇത്തവണ വിഎസുമാരുടെ പോരാട്ടം

കെ സനൂപ്

പാലക്കാട്: 92ാം വയസ്സിലും ദൃഢഗാത്രനായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നാലാമങ്കത്തിനിറങ്ങുമ്പോള്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കന്നിയങ്കത്തിനിറങ്ങുന്നു. ഈഴവര്‍ക്ക് നിര്‍ണായക പ്രാധാന്യമുള്ള മണ്ഡലത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും സ്ഥാനാര്‍ഥിയാവും.
വികസനവും അഴിമതിയും മുഖ്യ പ്രചാരണായുധമാക്കി കനത്ത ചൂടിലും വി എസ് അച്യുതാനന്ദന്‍ മുന്നേറുമ്പോള്‍ വി എസ് ജോയ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും മികച്ച പ്രചാരണം കാഴ്ചവയ്ക്കുകയാണ്. ഐഎച്ച്ആര്‍ഡി കോളജ്, സീമെറ്റ് കോളജ്, മലമ്പുഴ ഡാം നവീകരണം, റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, റിങ് റോഡ് എന്നിവയാണ് പ്രധാന വികസന നേട്ടങ്ങളായി അച്യുതാനന്ദന്‍ ഉയര്‍ത്തിക്കാട്ടുന്നത്.
മലമ്പുഴ ഡാം നവീകരണത്തിലെ അഴിമതി, കുടിവെള്ള പ്രശ്‌നങ്ങള്‍, റിങ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തത്, അച്യുതാനന്ദന്റെ പ്രായം എന്നിവയാണ് വി എസ് ജോയ് പ്രചാരണായുധമാക്കുന്നത്. എന്നും ഇടതുപക്ഷത്തെ വരിച്ച ചരിത്രം മാത്രമാണ് മലമ്പുഴ മണ്ഡലത്തിലുള്ളത്. മുന്‍മന്ത്രി ടി ശിവദാസമേനോന്‍, ഇ കെ നായനാര്‍, എ കെ ഗോപാലന്‍ എന്നിവരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്. അതേസമയം, സിപിഎമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ വി എസിന്റെ വിജയത്തെ എത്രകണ്ട് ബാധിക്കുമെന്നുള്ളതും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂര്‍, പുതുശ്ശേരി, പുതുപ്പരിയാരം പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം. 2011ലെ തിരഞ്ഞെടുപ്പില്‍ 23,440 വോട്ടിന്റെ ലീഡോടെയാണ് ലതികാ സുഭാഷിനെ വി എസ് അച്യുതാനന്ദന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍, 2001 ലെ തിരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിക്കെതിരേ 5,000 വോട്ടിന്റെ ലീഡേ വി എസ് അച്യുതാനന്ദന് നേടാനായിരുന്നുള്ളൂ.
മലമ്പുഴയില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഔദ്യോഗിക പക്ഷക്കാരന്‍ സുഭാഷ് ചന്ദ്രബോസിനെ മാറ്റിയതിനെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്താന്‍ ഇത്തവണയും ശ്രമമുണ്ടെന്ന സൂചനയാണ് ഈ പോസ്റ്ററുകള്‍ നല്‍കുന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരേ വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഈഴവര്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണണം.
അതേസമയം, ഈഴവ വോട്ടുകള്‍ ബിജെഡിഎസുമായി ചേര്‍ന്ന് കൈയിലാക്കാമെന്ന വ്യാമോഹവുമായി മലമ്പുഴയില്‍ മല്‍സരിക്കുന്ന ബിജെപിയിലെ സി കൃഷ്ണകുമാറിനെ അലട്ടുന്നത് ബിജെപിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങളാണ്. പാലക്കാട് മണ്ഡലത്തില്‍ ശോഭാസുരേന്ദ്രനെ നിശ്ചയിച്ചതില്‍ ബിജെപിക്കകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മലമ്പുഴയിലും പ്രതിഫലിക്കാനാണ് സാധ്യത.
Next Story

RELATED STORIES

Share it