Districts

മലബാറില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്

ആബിദ്

കോഴിക്കോട്: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ ഏറെക്കുറെ നേട്ടമുണ്ടാക്കിയ എല്‍ഡിഎഫ് മലബാറിലുടനീളം വെന്നിക്കൊടി പാറിച്ചു. ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസ്സിന്റെ അമാന്തം അവരെ കൈയൊഴിയാന്‍ സമുദായത്തെ പ്രേരിപ്പിച്ചതായാണു ഫലം നല്‍കുന്ന സൂചന. ഇതു ശരിവയ്ക്കുന്ന രീതിയിലാണു കഴിഞ്ഞദിവസം കോഴിക്കോട്ട് ഡിസിസി പ്രസിഡന്റ് കെ സി അബു അഭിപ്രായപ്രകടനം നടത്തിയത്.
സമുദായം കോണ്‍ഗ്രസ്സിന് കൊടുത്ത തൊഴി സ്വാഭാവികമായും ലീഗിനുകൂടി തിരിച്ചടിയായി. മലപ്പുറത്ത് സൗഹൃദമല്‍സരമെന്ന പേരില്‍ കോണ്‍ഗ്രസ്സും ലീഗും നടത്തിയ തമ്മില്‍ത്തല്ലിനിടയില്‍ നില മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിനായി. എന്നാല്‍ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ലീഗ് വിരുദ്ധരുമായി കൂട്ടുചേര്‍ന്നാണ് ഈ നേട്ടമെന്നതു വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നു. യുഡിഎഫിന് പാലക്കാട്ടും നേട്ടമുണ്ടാക്കാനായില്ല. നഗരങ്ങളില്‍ എല്‍ഡിഎഫ് പരുങ്ങിയെങ്കിലും പാലക്കാടന്‍ ഗ്രാമങ്ങള്‍ ഇപ്പോഴും ചുവന്നുതന്നെയാണിരിക്കുന്നതെന്നു തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
കോഴിക്കോട്ട് എല്‍ഡിഎഫിന്റേത് മികവുറ്റ വിജയം
കോഴിക്കോട് ജില്ലയില്‍ എന്തുകൊണ്ടും മികവുറ്റതെന്നു പറയാവുന്ന വിജയം നേടിയ എല്‍ഡിഎഫ് ജില്ലാ പഞ്ചായത്തും കോര്‍പറേഷനും നാല് മുനിസിപ്പാലിറ്റികളും സ്വന്തമാക്കി. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിലും 70 ഗ്രാമപ്പഞ്ചായത്തുകളില്‍ 47ലും ഭരണം പിടിച്ചെടുത്തു. കോര്‍പറേഷനിലെ 75ല്‍ 48ഉം ജില്ലാ പഞ്ചായത്തില്‍ 27ല്‍ 16ഉം ഇടതിനൊപ്പമാണ്.
2010ല്‍ ജില്ലയില്‍ ആകെ ഉണ്ടായിരുന്ന കൊയിലാണ്ടി, വടകര നഗരസഭകള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫ് പുതുതായി രൂപീകരിച്ച രാമനാട്ടുകര, മുക്കം നഗരസഭകളും കൈപ്പിടിയിലൊതുക്കി. പയ്യോളി, കൊടുവള്ളി നഗരസഭകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. ഫറോക്കിലും സ്വതന്ത്രര്‍ യു.ഡി.എഫിന്റെ രക്ഷയ്‌ക്കെത്തി. ശക്തികേന്ദ്രങ്ങളില്‍ ആര്‍എംപിക്ക് കാലിടറിയപ്പോള്‍ ഒഞ്ചിയത്ത് അവരുടെ രണ്ട് വാര്‍ഡുകള്‍ പിടിച്ചെടുക്കാനായത് ഇടതിനു നേട്ടമായി. എന്നാല്‍, നാലു പതിറ്റാണ്ടായി കൈവശംവച്ചു പോരുന്ന ചോറോട് നഷ്ടപ്പെട്ടതിന്റെ ആഘാതം തീര്‍ക്കാന്‍ ഈ വിജയത്തിനാവില്ലെന്നതാണ് യാഥാര്‍ഥ്യം.
കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 14ഉം യുഡിഎഫ് 13ഉം സീറ്റുകളാണു നേടിയിരുന്നത്. കോര്‍പറേഷനില്‍ എല്‍ഡിഎഫ് 41, യുഡിഎഫ് 34 എന്നിങ്ങനെയായിരുന്നു കക്ഷിനില. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടെണ്ണം എല്‍ഡിഎഫും മൂന്നെണ്ണം യുഡിഎഫും നേടിയപ്പോള്‍ കുന്നമംഗലത്ത് ഇരുകൂട്ടരും ഒമ്പതുവീതം സീറ്റുകള്‍ പങ്കിട്ടെടുത്തു. 75 ഗ്രാമപ്പഞ്ചായത്തുകളില്‍ 37എണ്ണം നേടി യുഡിഎഫിനായിരുന്നു മുന്‍തൂക്കം. എല്‍ഡിഎഫിന് 34 പഞ്ചായത്തുകള്‍ നേടാനായപ്പോള്‍ നാലിടത്ത് ആര്‍എംപി ഉള്‍പ്പെടെയുള്ള കക്ഷികളായിരുന്നു ഭരണം നടത്തിയിരുന്നത്. കൊടുവള്ളിയിലും പയ്യോളിയിലും യുഡി എഫ് തിളക്കമാര്‍ന്ന ജയമാണു നേടിയത്. ജില്ലയിലെ മൊത്തം സീറ്റുകളില്‍ എല്‍ഡിഎഫ് 808ലും യുഡിഎഫ് 644ലും ബിജെപി 25ലും എസ്ഡിപിഐ രണ്ടിലും മറ്റുള്ളവര്‍ 68 എണ്ണത്തിലും വിജയിച്ചു. എസ്ഡിപിഐ ആദ്യമായാണ് ജില്ലയില്‍ സീറ്റ് നേടുന്നത്.
കോര്‍പറേഷനില്‍ ഏഴ് സീറ്റുകള്‍ നേടിയ ബിജെപി ഫറോക്ക്, മുക്കം, കൊയിലാണ്ടി, വടകര നഗരസഭകളിലും അക്കൗണ്ട് തുറന്നു. യുഡിഎഫ് പിന്തുണയോടെയാണ് ഇതെന്ന് ആരോപണമുണ്ട്. പുതുതായി രൂപീകരിച്ച ഫറോക്ക് നഗരസഭയില്‍ ബിജെപി വിജയിച്ച വാര്‍ഡില്‍ യുഡിഎഫിന് ലഭിച്ചത് വെറും 18 വോട്ടാണ്.
മലപ്പുറത്ത് യുഡിഎഫിന് നിരാശ
മുന്നണിക്കകത്തെ തര്‍ക്കവും വിമത ശല്യവും ജനകീയ-വികസന മുന്നണികളുമെല്ലാം ചേര്‍ന്നപ്പോള്‍ മലപ്പുറം യുഡിഎഫിന് സമ്മാനിച്ചത് നിരാശ. ജില്ലാ പഞ്ചായത്തില്‍ 32 ഡിവിഷനില്‍ 27 എണ്ണം നേടാനായെങ്കിലും എല്‍ഡിഎഫ് അഞ്ച് പ്രതിനിധികളെ വിജയിപ്പിച്ചത് യുഡിഎഫിന് ആഘാതമായി.
കഴിഞ്ഞതവണ രണ്ട് ഡിവിഷന്‍ മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ പുറത്താക്കലിനു വരെ കാരണമായ കരുവാരക്കുണ്ട് ഡിവിഷനില്‍ ലീഗിന്റെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായി. വാഴക്കാട്ട് ശക്തമായ മല്‍സരത്തിനൊടുവിലാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. 12 നഗരസഭകളില്‍ ഏഴെണ്ണവും 15 ബ്ലോക്കില്‍ 13 എണ്ണവും 94 ഗ്രാമപ്പഞ്ചായത്തുകളില്‍ 59 എണ്ണവും യുഡിഎഫ് പിടിച്ചു. 29 ഇടങ്ങളില്‍ എല്‍ഡിഎഫിനാണു ഭരണം. ആറിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.
94ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് ഇതിനുമുമ്പ് ഇത്തരത്തിലുള്ള വിജയം നേടാനായത്. കഴിഞ്ഞതവണ 100 ഗ്രാമപ്പഞ്ചായത്തുകളില്‍ ഒമ്പതെണ്ണം മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. പെരിന്തല്‍മണ്ണ നഗരസഭ നിലനിര്‍ത്തിയ ഇടതുമുന്നണി പൊന്നാനിയും തിരൂരും തിരിച്ചുപിടിച്ചു. പുതുതായി രൂപീകരിച്ച കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. മഞ്ചേരി, മലപ്പുറം, വളാഞ്ചേരി, തിരൂരങ്ങാടി, താനൂര്‍, നിലമ്പൂര്‍, കോട്ടക്കല്‍ എന്നിവ യുഡിഎഫിനൊപ്പമാണ്. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ വാര്‍ഡില്‍ സിപിഎം വിമതനോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടിയറവ് പറഞ്ഞു. 15 ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തി.
പാലക്കാട്: ഗ്രാമങ്ങളില്‍ എല്‍ഡിഎഫ് മേല്‍ക്കൈ
പാലക്കാട്ട് കാവി പുതപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ഏശിയില്ലെന്നാണു ഫലം സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ 30ല്‍ 27 ഡിവിഷനുകളും സ്വന്തമാക്കി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ മൂന്നെണ്ണമേ യുഡിഎഫിന് നേടാനായുള്ളൂ. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11ലും എല്‍ഡിഎഫാണ്. രണ്ടിടത്തു മാത്രമാണ് യുഡിഎഫ് ജയിച്ചത്. ഇടതു വിഭാഗീയത പ്രകടമായ പാലക്കാട് നഗരസഭയില്‍ 24 വാര്‍ഡുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുന്‍ എംഎല്‍എമാരായ എം നാരായണന്‍ ഇടതു കോട്ടയായ മുറിക്കാവിലും അഡ്വ. ടി കെ നൗഷാദ് പുതുപ്പള്ളിത്തെരുവില്‍ ലീഗ് വിമതനോടും പരാജയപ്പെട്ടു. പുതുപ്പള്ളിത്തെരുവില്‍ മൂന്നാംസ്ഥാനത്താണ് എല്‍ഡിഎഫ്. നഗരസഭയില്‍ യുഡിഎഫിന് 17ഉം എല്‍ഡിഎഫിന് 9ഉം സീറ്റുകളാണുള്ളത്.
പുതുതായി രൂപീകൃതമായ മണ്ണാര്‍ക്കാട് നഗരസഭയില്‍ 13 സീറ്റ് വീതം നേടി ഇരുമുന്നണികളും ബലാബലമാണ്. മൂന്ന് സീറ്റ് ബിജെപിക്കും ലഭിച്ചു. പട്ടാമ്പി നഗരസഭയില്‍ 28ല്‍ 19 സീറ്റ് യുഡിഎഫും ആറ് സീറ്റ് എല്‍ഡിഎഫും നേടി. ബിജെപിക്ക് മൂന്ന് വാര്‍ഡും ലഭിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ 16 വാര്‍ഡുകള്‍ നേടി യുഡിഎഫാണ് മുന്നില്‍. എല്‍ഡിഎഫ് 14 സീറ്റുകള്‍ നേടി. ചിറ്റൂര്‍-തത്തമംഗലം നഗരസഭ 18 വാര്‍ഡുകള്‍ നേടി യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ 14 വാര്‍ഡ് നേടി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി. ഷൊര്‍ണൂര്‍ നഗരസഭയില്‍ 18 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യുഡിഎഫും ബിജെപിയും 7 വീതം വാര്‍ഡുകള്‍ നേടിയിട്ടുണ്ട്. നിലവിലെ വാര്‍ഡ് 16 എസ്ഡിപിഐ നിലനിര്‍ത്തി.
വടകരപ്പതി പഞ്ചായത്തില്‍ മുന്നണികളെ പിന്തള്ളി കനാല്‍ പ്രശ്‌നം മുഖ്യപ്രചാരണ വിഷയമാക്കിയ ആര്‍ബിസി ആക്ഷന്‍ കൗണ്‍സില്‍ ഒന്നാമതെത്തി. കൊടുവായൂര്‍ പഞ്ചായത്തിലെ വാര്‍ഡ് നാലില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയും കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ എഎഐഡിഎംകെ സ്ഥാനാര്‍ഥികളും വിജയിച്ചു. അട്ടപ്പാടിയില്‍ കോണ്‍ഗ്രസ്സിന് ശക്തമായ തിരിച്ചടി നേരിട്ടു. ഇവിടെ ബ്ലോക്ക് പഞ്ചായത്തും മൂന്ന് ഗ്രാമപ്പഞ്ചായത്തും എല്‍ഡിഎഫ് പിടിച്ചെടുത്തു. പെരുമാട്ടി പഞ്ചായത്ത് ഇത്തവണയും സോഷ്യലിസ്റ്റ് പെരുമ നിലനിര്‍ത്തി. പ്ലാച്ചിമട ഉള്‍പ്പെടുന്ന വാര്‍ഡില്‍ കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെ മല്‍സരിച്ച കോള വിരുദ്ധ സമിതി നേതാവിനെ പരാജയപ്പെടുത്താനും മേഖലയിലെ ഭരണം നിലനിര്‍ത്താനും പാര്‍ട്ടിക്കായി.
Next Story

RELATED STORIES

Share it